| Tuesday, 21st May 2019, 12:42 pm

ജ്വല്ലറി കവര്‍ച്ചയുടെ കഥയുമായി രാജീവ് രവി; ആസിഫലി പ്രധാന വേഷത്തില്‍, തിരക്കഥയൊരുക്കുന്നത് 'തൊണ്ടിമുതല്‍ എസ്.ഐ'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മട്ടാഞ്ചേരിയിലെ തൊഴിലാളികളുടെ ജീവിത കഥ പറയുന്ന ചിത്രമായ തുറമുഖത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി പ്രധാന വേഷത്തിലെത്തും. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ദീലീഷ് പോത്തന്‍ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ എസ്ഐയുടെ വേഷത്തിലെത്തിയ സിബി തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ദ ക്യൂ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാസര്‍ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. യഥാര്‍ത്ഥ ജീവിതത്തില്‍ സിഐ ആയ സിബി തോമസ് നടത്തിയ ഈ അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നതെന്ന് സിബി തോമസ് ദ ക്യൂവിനോട് പറഞ്ഞു.

സിബി തോമസ്

ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തുറമുഖം ചിത്രത്തിന് ശേഷം ആസിഫ് അലി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്. നിവിന്‍ പോളി, ബിജു മേനോന്‍, ഇന്ദ്രജിത്ത്, നിമിഷാ സജയന്‍ എന്നിവരാണ് തുറമുഖത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇയ്യോബ്ബിന്റെ പുസ്തകത്തിന് ശേഷം ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയൊരുക്കിയത്. ചിത്രം നിര്‍മ്മിക്കുന്നത് സുകുമാര്‍ തെക്കേപ്പാട്ടാണ്.

We use cookies to give you the best possible experience. Learn more