രാജീവ് ഗാന്ധിവധം: വധശിക്ഷ നടപ്പാക്കരുതെന്ന് ശിക്ഷ വിധിച്ച ജഡ്ജി
Kerala
രാജീവ് ഗാന്ധിവധം: വധശിക്ഷ നടപ്പാക്കരുതെന്ന് ശിക്ഷ വിധിച്ച ജഡ്ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th February 2013, 12:19 pm

കോട്ടയം:രാജീവ് ഗാന്ധി വധക്കേസില്‍ താന്‍ വിധിച്ച വധശിക്ഷനടപ്പാക്കരുതെന്ന് ജസ്റ്റിസ് കെ.ടി തോമസ്. പ്രതികളെ വധശിക്ഷക്ക് വിധിച്ച സുപ്രീം കോടതി ബഞ്ചിന്റെ മുതിര്‍ന്ന ജഡ്ജിയായിരുന്നു ജസ്റ്റിസ് കെ.ടി തോമസ്.[]

ശിക്ഷ വിധിച്ചതിന് ശേഷം 22 വര്‍ഷം കടന്നുപോയി. അന്ന് വിധിച്ച ശിക്ഷ ശരിയായിരുന്നു. ഇപ്പോള്‍ വധശിക്ഷ നല്‍കുകയാണെങ്കില്‍ പ്രതികള്‍ക്ക് ഇരട്ട ശിക്ഷ കൊടുക്കുന്നതിന് തുല്യമാകും. ഇത് അങ്ങേയറ്റം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും കെ.ടി തോമസ് പറഞ്ഞു.

കേസില്‍ ആകെ 26 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 4 ആഴ്ചകൊണ്ട് മുഴുവന്‍ വാദവും കേട്ടു. 7 പേരുടെ ശിക്ഷ ശരിവെച്ചു.   നളിനി, മുരുകന്‍, ശാന്തന്‍, പേരരിവാളന്‍ എന്നീ 4 പേര്‍ക്കാണ് വധശിക്ഷ വിധിച്ചത്.

ഇതില്‍ നളിനിയുടെ വധശിക്ഷക്ക് ഞാന്‍ വിയോജിനകുറിപ്പെഴുതിയതിനാല്‍  രാഷ്ട്രപതി ഇടപെട്ട് ജീവപര്യന്തമായി കുറച്ചു.

ഇതിന് ശേഷം 2010ല്‍ എസ്. സന്തോഷ് ഭാര്യാ കേസില്‍  എസ്.പി സിന്‍ഹ മറ്റൊരു വിധി പുറപ്പെടുവിച്ചത്. വധശിക്ഷക്ക്  വിധിക്കുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ പരിഗണിക്കണം. വധശിക്ഷക്ക് വിധിക്കപ്പെട്ടയാളുടെ മുന്‍സ്വഭാവം പരിഗണിക്കണമെന്നാണ് ഇതില്‍ പ്രധാനമായും നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ രാജീവ് വധക്കേസില്‍ ഞങ്ങള്‍ അത് പരിഗണിച്ചില്ല. ഈ സാഹചര്യത്തില്‍ വിധി പുന:പരിശോധിക്കണമെന്നാണ് അദ്ദേഹം  ആവശ്യപ്പെടുന്നത്.

ഒരു പ്രതിയെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചാല്‍ പോലും 14 വര്‍ഷത്തിന് ശേഷം അവരുടെ മുന്‍ ജീവിത പശ്ചാത്തലം പരിശോധിക്കും. എന്നാല്‍ ഈ കേസില്‍ അത്തരത്തിലുള്ള അവകാശങ്ങള്‍പോലും പ്രതികള്‍ക്ക് നിഷേധിച്ചു. ജീവപര്യന്തം ശിക്ഷക്കുള്ള പരിഗണന പോലും ഇവര്‍ക്ക് ലഭിക്കാത്തത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ അറിവ് വെച്ചുകൊണ്ടാണ് അന്ന് വിധി പുറപ്പെടുവിച്ചത്. ഇന്ത്യവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് കെ.ടി തോമസ് രാജീവ്ഗാന്ധി വധശിക്ഷയെകുറിച്ച് പരസ്യമായി പ്രതികരിച്ചത്.

രാജീവ്ഗാന്ധി വധക്കേസിന്റെ വിധിയെകുറിച്ച് കെ.ടി തോമസിന്റെ പരാമര്‍ശം രണ്ട് തരത്തില്‍ ശ്രദ്ധേയമാണെന്ന് അഡ്വ.കാളീശ്വരം രാജ് പ്രതികരിച്ചു.

ഒന്ന് വധശിക്ഷയെ കുറിച്ച് വീണ്ടുവിചാരം ഉണ്ടായിരുക്കുന്നു.രണ്ടാമത്തേത് സന്തോഷ്‌കുമാറിന്റെ കാര്യത്തില്‍ ജീവിത സാഹചര്യം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം വധശിക്ഷ നടപ്പാക്കുമ്പോള്‍ അത്രയും കാലം അയാള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ ഭീകരമാണ്. അതിനാല്‍ തന്നെ കെ.ടി തോമസ്സിന്റെ പരാമര്‍ശം ആശ്വാസകരമാണ്.

ഭരണകൂടം എത്രത്തോളം ഇതിനോട് ധാര്‍മ്മികത കാണിക്കുമെന്നതില്‍ സംശയമുണ്ട്. വധശിക്ഷ ഇപ്പോള്‍ ഭരണകൂടം ആസ്വദിക്കുകയാണ്. വധശിക്ഷ നടപ്പാക്കിയാല്‍ ജനങ്ങളുടെ കയ്യടി ലഭിക്കുമെങ്കില്‍ അങ്ങനെ ചെയ്യുകയെന്നതാണ് ഭരണകൂടത്തിന്റെ നിലപാടെന്നും അഡ്വ.കാളീശ്വരം രാജ് പറഞ്ഞു.