| Monday, 2nd December 2019, 11:49 pm

ബാബരി മസ്ജിദിന്റെ കല്ലുകളെടുത്ത് മുസ്‌ലിങ്ങള്‍ അനീതിയുടെ സ്മാരകം പണിയണം: രാജീവ് ധവാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബരി മസ്ജിദിന്റെ കല്ലുകളെടുത്ത് മുസ്‌ലിങ്ങള്‍ അനീതിയുടെ സ്മാരകം പണിയണമെന്ന് അഭിഭാഷകന്‍ രാജീവ് ധവാന്‍. ബാബരി ഭൂമി മാത്രമേ നിങ്ങള്‍ മറ്റൊരു വിഭാഗത്തിന് നല്‍കിയിട്ടുള്ളൂവെന്നും അതിന്റെ ഓരോ കല്ലുകളും ഇപ്പോഴും മുസ്‌ലിങ്ങളുടേതാണെന്നും അതെടുത്ത് അനീതിയുടെ സ്മാരകം പണിയണമെന്നുമായിരുന്നു രാജീവ് ധവാന്റെ പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭരണഘടനയുടെ 70 ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നീതിയില്ലാതെ സമാധാനമുണ്ടാകില്ല. ബാബരി കേസില്‍ എന്തുതരം വിധിയാണ് വന്നതെന്ന് കണ്ടില്ലേ? ഫലത്തില്‍ ഇത് ബാബരി തകര്‍ക്കാന്‍ വിധിച്ചതിന് തുല്യമാണിതെന്നും 1992 ല്‍ ബാബരി തകര്‍ത്തില്ലെന്ന് വിചാരിക്കൂ, പള്ളിയവിടെ ഉണ്ടാവില്ലേ. ഈ വിധി പള്ളി തകര്‍ക്കുന്നതിന് തുല്യമല്ലേയെന്നും’ രാജീവ് ധവാന്‍ ചോദിച്ചു.

1528 നും 1857നും ഇടയില്‍ അവിടെ മുസ്‌ലിങ്ങള്‍ നമസ്‌കരിച്ചിരുന്നുവെന്നതിന് തെളിവില്ലെന്നാണ് കോടതി പറയുന്നത്. മുഗളന്‍മാരും നവാബുമാരും ഭരിച്ച കാലമാണ്. അന്ന് മുസ്‌ലിങ്ങള്‍ അവിടെ നിസ്‌കരിച്ചിരുന്നില്ലെന്ന് പറയുന്നത് പരിഹാസ്യമല്ലേയെന്നും ഇനി നിസ്‌കരിച്ചില്ലെന്ന് തന്നെ വെയ്ക്കുക അങ്ങനെയാണെങ്കില്‍ തന്നെ അത് വഖഫ് സ്വത്തല്ലാതാകുമോയെന്നും അദ്ദേഹം ചോദിച്ചു.

പൂര്‍ണമായും മുസ്ലിങ്ങള്‍ കൈവശം വച്ച പള്ളിയാണിതെന്നും നിങ്ങളുടെ വിധിയില്‍ പിഴവുണ്ടെന്ന് മുസ്‌ലിങ്ങള്‍ കോടതിയോട് പറയാനുള്ള അവസരമാണ് പുനര്‍പരിശോധനാ ഹരജിയെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാര്‍ക്ക് തെറ്റ് പറ്റിയെന്ന് മുസ്‌ലിങ്ങള്‍ അവരോട് നേരിട്ട് പറയണമെന്നും അത് മാധ്യമങ്ങള്‍ അല്ല പറയണ്ടതെന്നും രാജീവ് ധവാന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more