| Sunday, 26th August 2018, 10:55 am

'റിപ്പബ്ലിക്കിനെതിരെ വ്യാജപ്രചരണം നടത്തുന്നവര്‍ കോമാളികള്‍'; അര്‍ണബിനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖര്‍ എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിനെതിരായ പരാമര്‍ശത്തില്‍ പിന്തുണയുമായി റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് ബി.ജെ.പി രാജ്യസഭാംഗവും ചാനലിന്റെ സഹഉടമയും എന്‍.ഡി.എ കേരള വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ എം.പി.

മലയാളികള്‍ നാണം കെട്ടവരാണെന്ന തരത്തില്‍ അര്‍ണബ് പറഞ്ഞതായി സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തുന്നത് കോമാളികളാണെന്നും ഇത് നുണയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വിറ്റ് ചെയ്തു. കോണ്‍ഗ്രസ് ഇറക്കുന്നത് പോലെയുള്ള വിഡ്ഢിത്തമാണിതെന്നും ചാജീവ് ചന്ദ്രേശഖര്‍ ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസം അര്‍ണാബിന്റെ ചാനലായ റിപ്പബ്ലിക്കില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന. നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് ഇത് എന്നായിരുന്നു അര്‍ണാബിന്റെ പ്രതികരണം. യു.എ.ഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു അര്‍ണാബ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്. താന്‍ കണ്ട എക്കാലത്തെയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണാബിന്റെ പ്രസ്താവന.

കേന്ദ്രത്തെ വിമര്‍ശിക്കുന്നവര്‍ ദേശവിരുദ്ധരും നാണംകെട്ടവരും പെയിഡ് ഏജന്റുമാരാണെന്നും ചര്‍ച്ചയില്‍ അര്‍ണബ് ആരോപിച്ചിരുന്നു.

പരാമര്‍ശം വിവാദമായതോടെ സോഷ്യല്‍മീഡിയയില്‍ അര്‍ണബിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

https://www.doolnews.com/kerlalite-gives-poor-mark-on-republics-channel.html

We use cookies to give you the best possible experience. Learn more