ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപമാനിച്ചു കൊണ്ടുള്ള ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം. രാജീവ് ഗാന്ധിയെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി പങ്കു വെച്ച ട്വീറ്റ് ഷെയര്‍ ചെയ്ത് ചന്ദ്രശേഖര്‍ നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്.
‘എന്റെ പിതാവ് സൗമ്യനും, സ്‌നേഹമുള്ളവനും, കരുണയുള്ളവനുമായിരുന്നു. എല്ലാത്തിനേയും സ്‌നേഹിക്കാനും ബഹുമാനിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു. ഒരിക്കലും വെറുക്കാതിരിക്കാനും, മാപ്പു നല്‍കാനും. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഞാന്‍ ദുഖിക്കുന്നു. മരണവാര്‍ഷികത്തിന്റെ അന്ന്, ഞാന്‍ എന്റെ പിതാവിനെ നന്ദിയോടും, കൃതജ്ഞതയോടും സ്മരിക്കുന്നു’- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ഇത് പങ്കു വെച്ചുകൊണ്ട് ‘എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാല്‍ മതി, നിങ്ങളെ രോഗം പോലെ ഗ്രസിച്ചിരിക്കുന്ന, കള്ളം പറയാനുള്ള കഴിവ് ആരാണ് നല്‍കിയത്’ എന്ന് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
സ്വന്തം പിതാവിന്റെ ചരമവാര്‍ഷികം പങ്കു വെച്ചു കൊണ്ടുള്ള മകന്റെ കുറിപ്പിനെ ഒട്ടും ആസ്വാദകരമല്ലാത്ത രീതിയില്‍ പരിഹസിച്ച രാജീവ് ചന്ദ്രശേഖര്‍ വ്യാപക വിമര്‍ശനമാണ് ഇതിന് പിന്നാലെ ട്വിറ്ററില്‍ നിന്ന് ഉയര്‍ന്നത്.
‘ഈ യുക്തി അനുസരിച്ചാണെങ്കില്‍, നിങ്ങളുടെ ഭാര്യാ പിതാവിനെ വഞ്ചിക്കാന്‍ നിങ്ങളെ പഠിപ്പിച്ചത് നിങ്ങളുടെ പിതാവാണോ’- ഒരു ട്വിറ്റര്‍ ഉപഭോക്താവ് ചോദിക്കുന്നു. രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്റെ ഭാര്യാ പിതാവ് ടി.ജി.പി നമ്പ്യാറും തമ്മില്‍ ടെലകോം ബിസിനസിന്റെ ഉടമസ്ഥതയെ ചൊല്ലി നീണ്ട കാലത്തെ നിയമ യുദ്ധം നിലനിന്നിരുന്നു. ഇത് പരാമര്‍ശിച്ചു കൊണ്ടായിരുന്നു ട്വീറ്റ്.
‘പണം നിങ്ങള്‍ക്ക് മാന്യത നല്‍കണമെന്നില്ല. ഇത്തരത്തിലൊരു പ്രസ്താവന ഹൃദയമില്ലാത്തവര്‍ക്ക് മാത്രമേ നടത്താന്‍ കഴിയൂ’- മറ്റൊരു ട്വീറ്റില്‍ പറയുന്നു.
1991 മെയ് 21ന് എല്‍.ടി.ടി.ഇ തീവ്രവാദികള്‍ രാജീവ് ഗാന്ധിയെ തമിഴ് നാട്ടില്‍ വെച്ച് വധിക്കുകയായിരുന്നു.