ന്യൂദല്‍ഹി: മറുനാടന്‍ മലയാളിയെ നിശബ്ദനാക്കാന്‍ വേണ്ടി പൊലീസിനെ ഉപയോഗിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ബി.ബി.സി ഡോക്യുമെന്ററി നിരോധിച്ചതിന് കേന്ദ്രത്തെ വിമര്‍ശിച്ചതെന്ന് കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖര്‍. പിണറായി വിജയന്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്തുകയും അവരെ നിശബ്ദരാക്കുന്നുവെന്നും അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.
രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് കാപട്യവും ഇരട്ടത്താപ്പും നിലനില്‍ക്കുന്ന, മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന ഒരു സംസ്ഥാനമുണ്ടെങ്കില്‍ അത് ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
‘പിണറായി വിജയന്‍ മാധ്യമങ്ങളെ ആവര്‍ത്തിച്ച് അടിച്ചമര്‍ത്തുകയും അവരെ നിശബ്ദമാക്കുന്നതിന് വേണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അടുത്ത കാലത്ത് ചില ടി.വി. ചാനലുകള്‍ക്കെതിരെയും ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയടക്കമുള്ളവര്‍ക്കെതിരെയും കേസ് കൊടുത്തു.
ഒരു യൂട്യൂബ് ചാനലിനെ നിശബ്ദമാക്കാന്‍ വേണ്ടി പൊലീസിനെ ഉപയോഗിച്ച് ഓഫീസുകളും മാധ്യമപ്രവര്‍ത്തകരുടെ വീടുകളും റെയ്ഡ് നടത്തിയത് ഇപ്പോള്‍ നടന്ന ഉദാഹരണമാണ്. ഈ വിഷയം ഇപ്പോള്‍ കോടതിയിലാണ്. ആ വ്യക്തി സുപ്രീം കോടതിയില്‍ അപ്പീലും നല്‍കിയിട്ടുണ്ട്. മറുനാടന്‍ മലയാളിയാണ് ആ യൂട്യൂബ് ചാനല്‍. ഷാജന്‍ സ്‌കറിയയാണ് ആ വ്യക്തി.
ബി.ബി.സി ഡോക്യുമെന്ററി നിരോധിച്ചതിന്റെ പേരില്‍ ഞങ്ങളുടെ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാദിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത്.
നമ്മുടെ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് കാപട്യവും ഇരട്ടത്താപ്പും നിലനില്‍ക്കുന്ന, മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന ഒരു സംസ്ഥാനമുണ്ടെങ്കില്‍ അത് ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളമാണ്.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്ന് ഇടതുപക്ഷ സര്‍ക്കാരുകള്‍ തുടച്ചു നീക്കപ്പെടാന്‍ കാരണവും ഇതാണ്. ത്രിപുരയിലും പശ്ചിമബംഗാളിലും എല്ലാം ഇതായിരുന്നു അവസ്ഥ,’ അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ച് നില്‍ക്കുകയാണെന്നും ഇതിലൊക്കെയും അദ്ദേഹത്തിന്റെ കുടുംബവും ആരോപണ വിധേയരാണെന്നും അദ്ദേഹം പറഞ്ഞു.
‘മാധ്യമങ്ങളെ നിശബ്ദരാക്കുന്നുവെന്ന പേരില്‍ കോണ്‍ഗ്രസിനെയും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെയും വിമര്‍ശിക്കുമ്പോള്‍ കേരളത്തില്‍ പിണറായി വിജയന്‍ എന്താണ് ചെയ്യുന്നതെന്നും ജനങ്ങള്‍ നോക്കണം. അദ്ദേഹത്തിന്റെ സി.പി.ഐ.എം സര്‍ക്കാര്‍ നിരന്തരമായി അഴിമതിയില്‍ കുളിക്കുകയാണ്.
സ്വര്‍ണക്കള്ളക്കടത്ത്, ട്രാഫിക്കില്‍ ഉപയോഗിച്ചിരിക്കുന്ന ക്യാമറകള്‍ വാങ്ങിയത് ഉള്‍പ്പെടെയുള്ളവ ഉദാഹരണം. അദ്ദേഹത്തിന്റെ ഓഫീസും സ്റ്റാഫും കുടുംബാംഗങ്ങളും ഈ അഴിമതികളിലെല്ലാം ആരോപണവിധേയരാണ്.
കേരളത്തില്‍ അസഹിഷ്ണുതയുടെ ഭീഷണിപ്പെടുത്തലിന്റെയും രാഷ്ട്രീയമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉപയോഗിക്കുന്നത്. ഇത് ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല.
ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഒരു യൂട്യൂബ് ചാനലിനെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാരിന് ഇഷ്ടമല്ലാത്ത, അവരുടെ അഴിമതിയെ കുറിച്ചുള്ള ചോദ്യം ചോദിച്ചതിനാലാണെന്ന് ഓര്‍ക്കണം. പൊലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുന്ന അതേ ആളുകളാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നത്,’ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
content highlights: rajeev chandrashekar against pinarayi vijayan