തിരുവനന്തപുരം: പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള ട്വീറ്റ് പിന്‍വലിച്ച് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ആദ്യ ട്വീറ്റും ഫേസ്ബുക്കിലെ പോസ്റ്റും തന്റെ ടീമിലെ പുതിയ ഇന്റേണിന് പറ്റിയ പിശകാണെന്നാണ് വിശദീകരണം. ഈ പോസ്റ്റുകള്‍ തന്റെ ഭാവി രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു വിഭാഗം ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ആദ്യ പോസ്റ്റുകള്‍ ഡീലീറ്റ് ചെയ്തതിന് ശേഷം പങ്കുവെച്ച പുതിയ ട്വീറ്റിലാണ് പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള മന്ത്രി സഭയില്‍ എം.പി എന്ന നിലയിലുള്ള തന്റെ 18 വര്‍ഷവും സഹമന്ത്രി എന്ന നിലയിലുള്ള മൂന്ന് വര്ഷവുമാണ് അവസാനിച്ചത്. കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാതിരിക്കാന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനോടാണ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെട്ടത്.
‘പരാജിതനായി പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതങ്ങനെ സംഭവിച്ചു. 18 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിന് ഇവിടെ തിരശീലയിടുന്നു,’ എന്നാണ് ആദ്യ ട്വീറ്റില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിലെ ഭാഗമായിരുന്നു. ആ മന്ത്രിസഭയുടെ ഭാഗമായിരുന്ന സമയത്ത് തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിപറയുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ കുറിച്ചിരുന്നു.
രാജീവ് ചന്ദ്രശേഖറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 16077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിറ്റിങ് എം.പി കൂടിയായിരുന്ന ശശി തരൂര്‍ തിരുവന്തപുരത്ത് വിജയിച്ചത്. എന്‍.ഡി.എ സഖ്യം പിടിച്ചെടുക്കുമെന്ന് അവകാശവാദമുന്നയിച്ച കേരളത്തിലെ മണ്ഡലങ്ങളില്‍ ഒന്നായിരുന്നു തിരുവനന്തപുരം.
Content Highlight: Rajeev Chandrasekhar withdraws his tweet that he will end public work