|

രാജീവ് ചന്ദ്രശേഖര്‍ അടുത്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ. സുരേന്ദ്രന് പകരമാണ് രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷന്‍ പദവിയിലെത്തുന്നത്. നാളത്തെ സംസ്ഥാന കൗണ്‍സിലില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി ബി.ജെ.പി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. പുതുമുഖത്തെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരിക എന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണ് രാജീവിന് അനുകൂലമായത്.

കര്‍ണാടകയില്‍ നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തിയ നേതാവ് കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തരബിരുദവും ഐ.ടി ആന്‍ഡ് ഇലക്ട്രോണിക്‌സിലെ അറിവുമാണ് രാജീവിനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചത്.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച രാജീവ് ചന്ദ്രശേഖര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരിനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനാകുന്ന ആദ്യത്തെ നേതാവ് കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍.

ആദ്യഘട്ടത്തില്‍ നേതൃസ്ഥാനത്തേക്ക് എം.ടി. രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കപ്പെട്ടിരുന്നു.

എന്നാല്‍ സാമുദായിക നേതാക്കളുമായുള്ള അടുപ്പവും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയെടുത്ത സ്വാധീനവും സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്താന്‍ രാജീവ് ചന്ദ്രശേഖറിനെ സഹായിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ രാജീവിന്റെ പേര്‍ നിര്‍ദേശിച്ചതായി സൂചനയുണ്ട്.

എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ എം.കെ ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964ലാണ് രാജീവ് ജനിച്ചത്. ബെംഗളൂരുവില്‍ ബിസിനസുകാരനായാണ് തുടക്കം.

Content Highlight: Rajeev Chandrasekhar to be next BJP state president