| Saturday, 27th August 2022, 9:58 am

പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പിന്‍വലിക്കണം, ഡിജിറ്റല്‍ സ്വകാര്യതാ നിയമങ്ങളുടെ ചട്ടക്കൂട് പുതുക്കും: രാജീവ് ചന്ദ്രശേഖര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും സമാനമായ മറ്റ് പ്രവര്‍ത്തികള്‍ക്കും തടയിടുന്നതിന് വേണ്ടി ടെക്‌നോളജി സ്‌പേസില്‍ ഇടപെടലുകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍.

ഡിജിറ്റല്‍ സ്വകാര്യത അഡ്രസ് ചെയ്യുന്ന നിയമങ്ങള്‍ക്ക് (laws on digital privacy) പുതിയ ചട്ടക്കൂട് പണിയുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

‘ഇസ്രഈലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വ്യക്തികളെ നിരീക്ഷിക്കുന്നതിന് വേണ്ടി അനധികൃതമായി ഉപയോഗിച്ചു എന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ നിയോഗിച്ച കമ്മിറ്റിക്ക്, അത്തരത്തില്‍ ഫോണുകളില്‍ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചതിന്റെ നിര്‍ണായകമായ തെളിവുകളൊന്നും കണ്ടെത്താനായില്ല’, എന്ന സുപ്രീംകോടതിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണവും.

അന്വേഷണത്തോട് കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചില്ല, എന്ന കോടതിയുടെ പരാമര്‍ശത്തെക്കുറിച്ചും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘എത്തിക്കലായതും അണ്‍ എത്തിക്കലായതുമായ ആളുകള്‍ ഉപയോഗിക്കുന്ന സീറോ ഡേ എക്‌സ്‌പ്ലോയിറ്റ്‌സ് (ZDE) എന്ന പറയപ്പെടുന്ന കാര്യത്തോട് ഒരുവിധം എല്ലാ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും ദുര്‍ബലമാണ്’ എന്നായിരുന്നു വെള്ളിയാഴ്ച നല്‍കിയ പ്രതികരണത്തില്‍ മന്ത്രി പറഞ്ഞത്.

”അവര്‍ കണ്ടെത്തിയ 29 മൊബൈല്‍ പോളുകളില്‍ അഞ്ചെണ്ണത്തില്‍ മാല്‍വെയറുകള്‍ ഉണ്ടായിരുന്നു. അതില്‍ ഏതാണ് 12ZDE എന്ന് നമുക്ക് കണ്ടെത്താനാകില്ല. അത് ഹാക്കര്‍മാര്‍ക്ക് മാത്രമേ സാധിക്കൂ.

ആരുടെ മാല്‍വെയര്‍ എന്ത് മാല്‍വെയര്‍ എന്ന് പിന്‍പോയിന്റ് ചെയ്യുക ബുദ്ധിമുട്ടാണ്.

ടെക്‌നോളജി സ്‌പേസില്‍ എത്തിക്കലായ ആളുകളും അണ്‍ എത്തിക്കലായ ആളുകളും നിരവധി ZDE ഉപയോഗിക്കുന്നുണ്ട്. തീവ്രവാദവും മറ്റ് പ്രവര്‍ത്തനങ്ങളും തടഞ്ഞുകൊണ്ട്, രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി ഇതിന് തടയിടാനുള്ള നിയമപരമായ അവകാശം കേന്ദ്ര സര്‍ക്കാരിനുണ്ട്,” രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

ദ്വിദിന സന്ദര്‍ശനത്തിനായി ഗുജറാത്തിലെ സൂറത്തിലെത്തിയ സമയത്തായിരുന്നു മന്ത്രിയുടെ പ്രതികരണം.

”ആന്‍ഡ്രോയിഡിലായാലും ഐ.ഒ.എസിലായാലും ഒരുവിധം എല്ലാ ഫോണുകളും കമ്പ്യൂട്ടറുകളും ZDEക്ക് വള്‍നറബിള്‍ ആണെന്നതാണ് ഇന്നത്തെ ടെക്‌നോളജിയുടെ റിയാലിറ്റി. പെഗാസസ് പ്രശ്‌നം പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ട് വന്ന സമയത്ത്, ഐ.ഒ.എസ് ഫോണുകളില്‍ എട്ട് ZDE ഡോക്യുമെന്റ് ചെയ്തിരുന്നു.

സമാനമായ രീതിയില്‍ ആന്‍ഡ്രോയ്ഡിലും 10 മുതല്‍ 12 വരെ ZDE ഉണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.

പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ (Personal Data Protection Bill) കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. നിലവിലെ ഐ.ടി ആക്ടിന് 22 വര്‍ഷത്തെ പഴക്കമുണ്ട്. ഡിജിറ്റല്‍ പ്രൈവസി അഡ്രസ് ചെയ്യുന്ന നിയമങ്ങള്‍ക്ക് ആധുനികമായ രീതിയില്‍ ചട്ടക്കൂട് പണിയാനാണ് ശ്രമം.

Content Highlight: Rajeev Chandrasekhar says Centre has rights to intercept, had to withdraw personal data protection bill, need modern framework on digital privacy laws

We use cookies to give you the best possible experience. Learn more