ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ സ്വതന്ത്രമാക്കിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പല കേസുകളിലായി ഒരു ലക്ഷം കോടിയോളം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ മന്ത്രിയുടെ അടുത്ത ആളില്‍ നിന്നാണ് ഇ.ഡി കോടികള്‍ പിടിച്ചെടുത്തത്. രാജ്യത്ത് പല കേസുകളിലായി ഒരു ലക്ഷത്തിലധികം അനധികൃത സ്വത്ത് ഇ.ഡിക്ക് കണ്ടത്താന്‍ കഴിഞ്ഞെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അനുയായി അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തി 20 കോടി രൂപ പിടിച്ചെടുത്ത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇ.ഡി കോടികള്‍ പിടിച്ചെടുത്തയാളെ പുകഴ്ത്തിയയാളാണ് മുഖ്യമന്ത്രി മമത. അദ്ദേഹത്തെ പുകഴ്ത്തിയതിന്റെ കാരണം ഇപ്പോഴാണ് വെളിവായത്. കോടികള്‍ പുഴ്ത്തിവെക്കുക എന്നത് ഒരുപക്ഷെ മമതയെ സംബന്ധിച്ച് വലിയ കാര്യമായിരിക്കാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇത് വെറുമൊരു ട്രെയിലര്‍ മാത്രമാണെന്നും സിനിമ വരാനിരിക്കുന്നതേയുള്ളൂവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി നേതൃനിരയിലെത്തിയ മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി പറഞ്ഞു.