| Sunday, 7th April 2024, 6:18 pm

ഇന്റലിലില്‍ ജോലി ചെയ്യുമ്പോൾ കഫറ്റീരിയയില്‍ വെച്ച് ബില്‍ ഗേറ്റ്‌സിനെയും സ്റ്റീവ് ജോബ്‌സിനെയും കണ്ടുവെന്ന് രാജീവ് ചന്ദ്രശേഖര്‍; പരിഹാസം, വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്റലില്‍ ജോലി ചെയ്യുമ്പോൾ മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളായ ബില്‍ ഗേറ്റ്‌സിനെയും ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സിനെയും കണ്ടിട്ടുണ്ടെന്ന് തിരുവനന്തപുരം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശം.

ഇന്റലിലില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ നമ്മുടെ കഴിവിന് മാത്രമാണ് പ്രാധാന്യം. ഒരു തരത്തിലുള്ള വലിപ്പച്ചെറുപ്പവും അവിടെയില്ല. അങ്ങനെയിരിക്കെയാണ് അവിടത്തെ കഫറ്റീരിയയില്‍ വെച്ച് ബില്‍ ഗേറ്റ്‌സിനെയും സ്റ്റീവ് ജോബ്‌സിനെയും ഒക്കെ ഞാന്‍ കാണുന്നത്,’ എന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

തനിക്ക് ആദ്യമായി ജോബ് ഓഫര്‍ ലഭിക്കുന്നത് മൈക്രോസോഫ്റ്റില്‍ നിന്നാണെന്നും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ബില്‍ ഗേറ്റ്‌സിനെ കാണാനിടയായപ്പോള്‍ അന്ന് കിട്ടിയ ഓഫര്‍ ലെറ്റര്‍ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിനോട് പറഞ്ഞതായി കേന്ദ്ര മന്ത്രി പറഞ്ഞു.

മൈക്രോസോഫ്റ്റില്‍ ജോയിന്‍ ചെയ്യാനിരുന്ന തന്നെ, ഇന്റലിലെ ഇതിഹാസ ഇന്ത്യന്‍ എഞ്ചിനീയര്‍ വിനോദ് ധാം നിരന്തരമായി വിളിച്ച് തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും രാജീവ് പറഞ്ഞു. പിന്നാലെയാണ് ഇന്റലില്‍ ജോലിക്ക് ചേരുന്നതെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. അവിടെ വെച്ചാണ് ബില്‍ ഗേറ്റ്‌സിനെയും സ്റ്റീവ് ജോബ്സിനെയും കാണാനിടയായതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പിന്നീട 1991ല്‍ വിവാഹത്തിനായി ഇന്ത്യയിലെത്തിയെന്നും ടെലികോമില്‍ എന്തെങ്കിലും ചെയ്യാന്‍ രാജേഷ് പൈലറ്റിന്റെ പ്രേരണയുണ്ടായെന്നും തുടര്‍ന്ന് താന്‍ ബി.പി.എല്‍ മൊബൈല്‍ ആരംഭിച്ചെന്നും രാജീവ് അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശത്തിനെതിരെ നിലവില്‍ വിമര്‍ശനമുയരുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് കേന്ദ്ര മന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

‘1985ല്‍ ബി-ടെക് പൂര്‍ത്തിയാക്കിയ രാജീവ് ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 1988ല്‍ എം.എസ് കഴിഞ്ഞുവെന്ന് പറയുന്നു. 1988 മുതല്‍ 1991 വരെ മൂന്ന് വര്‍ഷം മാത്രം. 1991 ഓഗസ്റ്റില്‍ ബി.പി.എല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.പി.ജി നമ്പ്യാരുടെ മകളെ രാജീവ് വിവാഹം ചെയ്തു. അതിനുശേഷം കേന്ദ്ര മന്ത്രി യു.എസിലേക്ക് പോയിട്ടില്ല.

ഇന്റല്‍ 80486ന്റെ ലോഞ്ചിനെക്കുറിച്ച് അദ്ദേഹം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. അതുശരിയായിരിക്കാം, കാരണം 1989 ഏപ്രിലില്‍ അദ്ദേഹം ഇന്റലില്‍ ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ അത് പുറത്തിറങ്ങി. ശേഷം 1993 മാര്‍ച്ചില്‍ പെന്റിയവും പുറത്തിറങ്ങി. 3 വര്‍ഷവും 6 വര്‍ഷവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. 2 വര്‍ഷത്തെ പരിചയമുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഒരു ന്യൂ-ജെന്‍ അർധചാലക സി.പി.യു ആര്‍ക്കിടെക്റ്റായി മാറുന്നു. ഈ അവകാശ വാദങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്,’ എന്ന് കോണ്‍ഗ്രസ് എക്സില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം സ്റ്റീവ് ജോബ്‌സും ബില്‍ ഗേറ്റ്‌സും ജീവിതത്തിലൊരിക്കലും ഇന്റലില്‍ ജോലി ചെയ്തിട്ടില്ലെന്നും ഇരുവരും ചിപ്പ് ഡിസൈനിങ്ങിലു ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിങ് ഡിസൈനിങ്ങിലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlight: Rajeev Chandrasekhar said that while working at Intel, I have met Bill Gates and Steve Jobs

Latest Stories

We use cookies to give you the best possible experience. Learn more