| Friday, 12th April 2024, 10:06 am

കൊവിഡ് വരുമാനത്തില്‍ നഷ്ടമുണ്ടാക്കി; സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചതില്‍ രാജീവ് ചന്ദ്രശേഖര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ച് നാമനിര്‍ദേശപത്രിക നല്‍കിയതില്‍ മറുപടി നല്‍കി തിരുവനന്തപുരം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. കൊവിഡ് സമയത്ത് വ്യവസായത്തില്‍ നേരിട്ട പാര്‍ട്ണര്‍ഷിപ് നഷ്ടങ്ങള്‍ വരുമാനം കുറച്ചുവെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വിശദീകരണം.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കെതിരെ യു.ഡി.എഫും എല്‍.ഡി.എഫും നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു.

28 കോടി രൂപയുടെ വരുമാനം മാത്രമുള്ളുവെന്നാണ് രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം രാജ്യസഭയില്‍ മത്സരിച്ചപ്പോള്‍ 65 കോടി രൂപയുടെ സ്വത്തുവിവരമാണ് ബി.ജെ.പി നേതാവ് നല്‍കിയിരുന്നത്.

ആറുവര്‍ഷത്തിനിടയില്‍ 37 കോടിയുടെ വരുമാന കുറവുണ്ടായി. സത്യവാങ്മൂലത്തില്‍ രാജീവിന്റെ ഉടമസ്ഥാവകാശവും ഓഹരിയുമുള്ള കമ്പനികളുടെ വിവരങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള വിഷയമാണെന്ന് യു.ഡി.എഫും എല്‍.ഡി.എഫും ചൂണ്ടിക്കാട്ടിയിരുന്നു.

പാര്‍ലമെന്റ് അംഗം, മന്ത്രി എന്നീ നിലകളിലുള്ള ശമ്പളവും ആനുകൂല്യങ്ങളും നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശയും അതിന്റെ ലാഭവിഹിതവും മാത്രമാണ് വരുമാന സ്രോതസായി രാജീവ് ചന്ദ്രശേഖര്‍ നല്‍കിയിട്ടുള്ളത്. ഇന്ത്യയിലെ ഓഹരി നിക്ഷേപക സ്ഥാപനമായ ജൂപ്പിറ്റര്‍ ക്യാപ്പിറ്റലിന്റെ സ്ഥാപകന്‍ കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. 50 കമ്പനി ചേര്‍ന്ന സ്ഥാപനമാണിത്. ഇക്കാര്യങ്ങളൊന്നും വിശദീകരണത്തിലും സത്യവാങ്മൂലത്തിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വ്യക്തമാക്കിയിട്ടില്ല.

സത്യവാങ്മൂലവും രാജീവ് ചന്ദ്രശേഖറിന്റെ സ്വത്ത് വിവരങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ആക്സസിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിച്ചിരുന്നു.

Content Highlight: Rajeev Chandrasekhar reacting for concealing property details

We use cookies to give you the best possible experience. Learn more