| Friday, 9th October 2020, 10:55 pm

അര്‍ണാബിന്റെ സത്യസന്ധതയും ധൈര്യവും ചോദ്യം ചെയ്യാന്‍ കഴിയാത്തത്; ടി.ആര്‍.പി തട്ടിപ്പ് കേസില്‍ അര്‍ണാബ് ഗോസ്വാമിക്ക് പിന്തുണയുമായി രാജീവ് ചന്ദ്രശേഖര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാംഗ്ലൂര്‍: ടി.ആര്‍.പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് പിന്തുണയുമായി ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖര്‍. റിപ്പോര്‍ട്ടിംഗ് ശൈലി നിങ്ങള്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും അര്‍ണാബ് ഗോസ്വാമിയുടെ സത്യസന്ധതയും ധൈര്യവും ചോദ്യം ചെയ്യാന്‍ കഴിയാത്തതാണെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്.

അര്‍ണാബിനെ 2010 മുതല്‍ അറിയാമെന്നും അദ്ദേഹത്തിന് മാത്രമാണ് 2G സ്‌പെക്ട്രം അഴിമതി പുറത്തുകൊണ്ടുവരാന്‍ ധൈര്യമുണ്ടായതെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തന്ത്രശാലിയായ പൊലീസും അര്‍ണാബും തമ്മിലുള്ള യുദ്ധത്തില്‍ എന്റെ പിന്തുണ അര്‍ണാബിനാണ് എന്നും രാജീവ് പറഞ്ഞു. അതേസമയം ടി.ആര്‍.പി റേറ്റിംഗില്‍ റിപബ്ലിക് ടി.വി കൃത്രിമത്വം കാണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ചാനലിന്റെ എം.ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെയുള്ള കുരുക്കുകള്‍ മുറുകിയിരിക്കുകയാണ്.

ഉടന്‍ തന്നെ അര്‍ണബിനെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് പറഞ്ഞിരുന്നു.

ഒരു പ്രത്യേക ചാനല്‍ ട്യൂണ്‍ ചെയ്യുന്നതിന്  ആളുകള്‍ക്ക് പ്രതിമാസം 400-500 രൂപയാണ് നല്‍കിയിരുന്നതെന്ന് പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് പറഞ്ഞു.

സാക്ഷരരല്ലാത്ത ആളുകള്‍ ഉള്ള വീടുകളില്‍ പോലും എല്ലായ്‌പ്പോഴും ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ സ്വിച്ച് ചെയ്യുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ കമ്മീഷര്‍ക്കെതിരെ ആരോപണങ്ങളുയര്‍ത്തി വിഷയത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് അര്‍ണാബ് നടത്തിക്കൊണ്ടിരിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കമ്മീഷണറുടെ നടപടികള്‍ ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് പരം ബിര്‍ സിംഗ് തീര്‍ക്കുന്നതെന്നാണ് അര്‍ണാബ് പറയുന്നത്.

അതേസമയം, ടി.ആര്‍.പി റേറ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലില്‍ (ബാര്‍കോഡ്) രഹസ്യമായി ഇടപെട്ട് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചെന്നാണ് പൊലീസ് പറയുന്നത്.

ടി.ആര്‍.പി റേറ്റിംഗ് അളക്കുന്ന രണ്ടായിരത്തിലധികം ബാരോമീറ്ററുകള്‍ മുംബൈയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥലങ്ങള്‍ രഹസ്യമാണ്. എന്നാല്‍ ഈ ബാരോമീറ്റര്‍ സ്ഥാപിക്കാന്‍ നിയോഗിക്കപ്പെട്ട മുന്‍ ജീവനക്കാര്‍ അതിനെ സ്വാധീനിക്കുന്നതായി പൊലീസ് കണ്ടെത്തി.

റിപബ്ലിക് ടി.വി ബോക്‌സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ടി.ആര്‍.പി റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് മാധ്യമങ്ങളോട് വ്യക്തമാക്കി.

നിലവില്‍ ഭക്ത് ഭാരതിന്റെയും ബോക്‌സ് സിനിമയുടെയും ഉടമസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. റിപബ്ലിക് ചാനല്‍ അധികൃതര്‍ക്ക് മുംബൈ പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Rajeev Chandrasekhar backs Arnab Goswami in TRP fraud case

We use cookies to give you the best possible experience. Learn more