| Friday, 25th August 2023, 8:05 am

'രാജഭക്തി കാണിക്കാന്‍ കുട്ടികളെ ഉണ്ണിയാര്‍ച്ചയുടെ വേഷത്തില്‍ പൊരിവെയിലത്ത് പൂക്കളെറിഞ്ഞ് സ്വീകരണം; മന്ത്രി ശിവന്‍കുട്ടി ഇടപെടണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കരുനാഗപ്പള്ളിയിലെ സെന്റ് ഗ്രിഗോറിയസ് സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ തിരുവിതാംകൂര്‍ മുന്‍ രാജകുടുംബാംഗത്തെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധവുമായി ഗാനരചയിതാവ് രജീഷ് പാലവിള. ആദിത്യ വര്‍മയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചത് രാജകുടുംബാംഗം എന്ന പ്രിവിലേജ് കൊണ്ടുമാത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഏതെങ്കിലും മേഖലയില്‍ സംഭാവനകള്‍ നല്‍കിയതോ പ്രവര്‍ത്തിക്കുന്നതോ ആയ ആളല്ല ആദിത്യവര്‍മയെന്നും രജീഷ് പറഞ്ഞു.

സ്വാതന്ത്ര്യദിന പരിപാടിയില്‍ കുട്ടികളെ ഉണ്ണിയാര്‍ച്ചയുടെ വേഷം കെട്ടിച്ച് പൂക്കളെറിഞ്ഞായിരുന്നു ആദിത്യ വര്‍മയ്ക്ക് സ്വീകരണം നല്‍കിയത്. എന്നാല്‍ ഇത്തരത്തില്‍ കുട്ടികളെ നിര്‍ത്തരുതെന്ന സര്‍ക്കുലര്‍ ഉണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഈ വിഷയത്തില്‍ സ്‌കൂളിനോട് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘രാജാവ് വരുമ്പോള്‍ കുട്ടികളെ ഉണ്ണിയാര്‍ച്ച വേഷം കെട്ടിച്ച് പൊരിവെയിലത്ത് നിര്‍ത്തി പൂക്കളെറിഞ്ഞ ആചാരം നടന്നത് അങ്ങ് തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തില്‍ അല്ല, കൊല്ലം കരുനാഗപ്പള്ളിയിലെ സെന്റ് ഗ്രിഗോറിയസ് സ്‌കൂളിലാണ്.

ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവന്‍കുട്ടി ഈ വിഷയത്തില്‍ സ്‌കൂളിനോട് അന്വേഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിരുവിതാംകൂര്‍ രാജകുടുംബാംഗം എന്നത് ജനാധിപത്യ ലോകത്ത് ഇന്ന് പ്രസക്തമായ കാര്യമൊന്നുമല്ല.

കലയുടെയോ സംഗീതത്തിന്റെയോ മറ്റേതെങ്കിലും മേഖലയിലോ സംഭാവനകള്‍ നല്‍കിയതോ പ്രവര്‍ത്തിക്കുന്നതോ ആയ ആളാണ് ആദിത്യ വര്‍മ എന്ന് എവിടെയും പറഞ്ഞു കേട്ടിട്ടില്ല. അങ്ങനെയുള്ള ഒരാളെ വിശിഷ്ടാതിഥിയായി തെരഞ്ഞെടുത്തതിന് ഒറ്റ കാരണമേയുള്ളൂ അത് രാജകുടുംബാംഗം എന്ന പ്രിവിലേജ് ആണ്.

അത്തരം പ്രിവിലേജുകള്‍ കുട്ടികളുടെ മുന്നില്‍ കെട്ടിയിറക്കുന്നത് ഒരു ജനാധിപത്യ ലോകത്ത് തികഞ്ഞ അശ്ലീലമാണ്,’ അദ്ദേഹം പറഞ്ഞു.

സാധാരണ പൗരന്മാര്‍ എന്നതിനപ്പുറം ജനാധിപത്യ ലോകത്ത് മറ്റൊരു പദവിയും അവര്‍ക്കില്ലെന്നും കുഴിച്ചുമൂടേണ്ട പ്രിവിലേജുകളുടെ പേരില്‍ അവരെയൊക്കെ വിദ്യാലയങ്ങളില്‍ വലിയ സംഭവമാക്കി അവതരിപ്പിക്കുന്നതും കുട്ടികളെക്കൊണ്ട് പൂക്കള്‍ എറിയിപ്പിക്കുന്നതും പ്രതിഷേധാര്‍ഹമായ പ്രവണതകളാണെന്നും രജീഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇന്ന് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പേരൂര്‍ക്കടയിലും ആദിത്യ വര്‍മ അതിഥിയായെത്തുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രാജാവ് വരുമ്പോള്‍ കുട്ടികളെ ഉണ്ണിയാര്‍ച്ച വേഷം കെട്ടിച്ച് പൊരിവെയിലത്ത് നിര്‍ത്തി പൂക്കളെറിഞ്ഞ ഈ ആചാരം നടന്നത് അങ്ങ് തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തില്‍ അല്ല, കൊല്ലം കരുനാഗപ്പള്ളിയിലെ സെന്റ് ഗ്രിഗോറിയസ് സ്‌കൂളിലാണ്.

കുട്ടികളെ ഇങ്ങനെയൊന്നും നിര്‍ത്തരുത് എന്ന സര്‍ക്കുലര്‍ ഇറങ്ങിയിട്ടുള്ള കേരള സംസ്ഥാനത്തിലാണ് ഈ സ്‌കൂളും. അവിടുത്തെ ഓഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുഖ്യാതിഥിയായി തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ആദിത്യ വര്‍മ്മ വന്നപ്പോഴാണ് ഇങ്ങനെ താലപ്പൊലിയും പുഷ്പാഭിഷേകവും ഒക്കെ നടന്നത്.

ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവന്‍കുട്ടി ഈ വിഷയത്തില്‍ സ്‌കൂളിനോട് അന്വേഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിരുവിതാംകൂര്‍ രാജകുടുംബാംഗം എന്നത് ജനാധിപത്യ ലോകത്ത് ഇന്ന് പ്രസക്തമായ കാര്യമൊന്നുമല്ല.

കലയുടെയോ സംഗീതത്തിന്റെയോ മറ്റേതെങ്കിലും മേഖലയിലോ സംഭാവനകള്‍ നല്‍കിയതോ പ്രവര്‍ത്തിക്കുന്നതോ ആയ ആളാണ് ആദിത്യ വര്‍മ എന്ന് എവിടെയും പറഞ്ഞു കേട്ടിട്ടില്ല. അങ്ങനെയുള്ള ഒരാളെ വിശിഷ്ടാതിഥിയായി തെരഞ്ഞെടുത്തതിന് ഒറ്റ കാരണമേയുള്ളൂ അത് രാജകുടുംബാംഗം എന്ന പ്രിവിലേജ് ആണ്.

അത്തരം പ്രിവിലേജുകള്‍ കുട്ടികളുടെ മുന്നില്‍ കെട്ടിയിറക്കുന്നത് ഒരു ജനാധിപത്യ ലോകത്ത് തികഞ്ഞ അശ്ലീലമാണ്. തിരുവിതാംകൂര്‍ പണ്ട് ഭരിച്ചിരുന്നവര്‍ എന്നതുകൊണ്ട് മാത്രം വന്ദിക്കപ്പെടേണ്ടവരോ അന്ന് നിലവിലുണ്ടായിരുന്ന സാമൂഹിക ദുരവസ്ഥകളുടെയും അനീതികളുടെയും പേരില്‍ നിന്ദിക്കപ്പെടേണ്ടവരോ അല്ല ആ രാജകുടുംബത്തിലെ പിന്‍മുറക്കാര്‍.

സാധാരണ പൗരന്മാര്‍ എന്നതിനപ്പുറം ജനാധിപത്യ ലോകത്ത് മറ്റൊരു പദവിയും അവര്‍ക്കില്ല. കുഴിച്ചുമൂടേണ്ട പ്രിവിലേജുകളുടെ പേരില്‍ അവരെയൊക്കെ വിദ്യാലയങ്ങളില്‍ വലിയ സംഭവമാക്കി അവതരിപ്പിക്കുന്നതും കുട്ടികളെക്കൊണ്ട് പൂക്കള്‍ എറിയിപ്പിക്കുന്നതും പ്രതിഷേധാര്‍ഹമായ പ്രവണതകളാണ്.

ഓണത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്തെ ഒരു ഗവണ്‍മെന്റ് സ്‌കൂളിലും പ്രിന്‍സ് ആദിത്യ വര്‍മ മുഖ്യാതിഥി ആണത്രേ. അത്തരം സ്‌കൂളുകളുടെ മാനേജ്‌മെന്റുകളോടും അധ്യാപകരോടും ആണ് പറയാനുള്ളത് നിങ്ങളുടെ രാജഭക്തി വിളംബരം ചെയ്യേണ്ടത് കുട്ടികളുടെ മുന്നിലല്ല.

ഈ നാടിന്റെ മുഴുവന്‍ ചരിത്രവും അവകാശ പോരാട്ടങ്ങളും എല്ലാം നിങ്ങളുടെ രാജഭക്തിയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളല്ല. ആ ചരിത്രങ്ങളെ അതേപടി രാജാക്കന്മാര്‍ നഗ്‌നരായിരുന്നു എന്ന് തന്നെയാണ് കുട്ടികള്‍ പഠിക്കേണ്ടത്. ഒരു നൂറു കുറ്റം പറയാന്‍ ഉണ്ടെങ്കിലും ജനാധിപത്യം തന്നെയാണ് കേമമെന്ന് അവര്‍ തിരിച്ചറിയേണ്ടതുമുണ്ട്?

മാറ്റുവിന്‍ ചട്ടങ്ങളെ!

CONTENT HIGHLIGHTS: RAJEESH PALAVILA CRITICISE TO CHOOSEN ADITHYA VARMA AS A CHIEF GUEST IN SCHOOL

We use cookies to give you the best possible experience. Learn more