ന്യൂദല്‍ഹി: ലളിത് മോദി വിവാദത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ബി.ജെ.പി നേതൃത്വത്തോട് കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍. സുഹൃത്ത് എന്ന നിലയില്‍ മാത്രമാണ് ലളിത് മോഡിയുടെ അപേക്ഷയില്‍ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നതെന്നാണ് രാജെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ രാജെയോട് ബി.ജെ.പി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂചനകള്‍.
2011ല്‍ രാജസ്ഥാന്‍ പ്രതിപക്ഷ നേതാവായിരിക്കെയാണ് രാജെ എമിഗ്രേഷന്‍ പ്രശ്‌നത്തില്‍ ലളിത് മോദിക്ക് അനുകൂലമായി സത്യവാങ്മൂലത്തില്‍ ഒപ്പിട്ടത്. ഇതിന്റെ രേഖകള്‍ കോണ്‍ഗ്രസ് ഇന്ന് പുറത്ത് വിടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നില്‍ക്കകള്ളിയില്ലാതെ രാജെ കുറ്റം സമ്മതിച്ചിരിക്കുന്നത്.
ലളിത് മോദിയെ പിന്തുണച്ച വിഷയത്തില്‍ സുഷമ സ്വരാജ് വിവാദത്തില്‍ അകപ്പെട്ടതിന് പിന്നാലെയായിരുന്നു വസുന്ധര രാജെയും അകപ്പെട്ടത്. വാര്‍ത്ത പുറത്ത് വന്നതിന് ശേഷം ജൂണ്‍ 16ന് സത്യവാങ്മൂലത്തെ കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു രാജെ പ്രതികരിച്ചിരുന്നത്