| Thursday, 15th February 2024, 3:15 pm

'ആന്ധ്രാ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നു'; രാജ്ധാനി ഫയൽസിന്റെ റിലീസ് തടഞ്ഞ് ആന്ധ്രാപ്രദേശ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്‌ഡിയെ വിമർശിക്കുന്നതായി പറയപ്പെടുന്ന ‘രാജ്ധാനി ഫയൽസ്’ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ് ആന്ധ്രാപ്രദേശ് ഹൈക്കോടതി.

ഇടക്കാല ഉത്തരവിറക്കിയ കോടതി സിനിമയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കുവാനും ആവശ്യപ്പെട്ടു.

ആന്ധ്രാപ്രദേശിൽ മൂന്ന് തലസ്ഥാനങ്ങൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വൈ.എസ്.ആർ കോൺഗ്രസ് സർക്കാരിന്റെ ആശയങ്ങളിലേക്ക് വെളിച്ചം വീശുന്ന സിനിമ ഫെബ്രുവരി 15ന് തിയേറ്ററിൽ റിലീസ് ചെയ്യേണ്ടതായിരുന്നു.

വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ലെല്ല ആപ്പി റെഡ്‌ഡിയുടെ ഹരജിയിലാണ് സിനിമയുടെ റിലീസ് തടഞ്ഞുവെച്ചത്.

സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകിയതിനെതിരെ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. ജയസൂര്യയുടെ വിധി.

സിനിമയിലെ കഥാപാത്രങ്ങൾ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുമായും മുൻമന്ത്രി കോഡലി നാനിയുമായും സാമ്യമുണ്ടെന്ന് ഹരജിയിൽ പറയുന്നു. കഥാപാത്രങ്ങൾക്ക് നൽകിയ പേരുകളിലും സാമ്യമുണ്ടെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ വി.ആർ.എൻ. പ്രശാന്ത് പറഞ്ഞു.

സർക്കാരിനെയും മുഖ്യമന്ത്രിയെയും കരിവാരിത്തേക്കുവാനാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിനിമ റിലീസ് ചെയ്യുന്നതെന്ന് ഹരജിക്കാരൻ ആരോപിച്ചു. സിനിമയിലെ ചില സീനുകളിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതായും വസ്തുതകൾ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആരോപണമുണ്ട്.

അഭിപ്രായസ്വാതന്ത്ര്യത്തിന് അതിന്റേതായ പരിധികൾ ഉണ്ടെന്നും തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് ഭരണകൂടത്തെ അപകീർത്തിപ്പെടുത്തുകയാണ് സിനിമയെടുത്തവരെന്നും ഹരജിക്കാർ കോടതിയിൽ വാദിച്ചു.

അതേസമയം സിനിമ ആരെയും അപകീർത്തിപ്പെടുത്തുവാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് നിർമാതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ യു. മുരളീധർ റാവു കോടതിയിൽ പറഞ്ഞു.

റിവിഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ചില സീനുകൾ ഒഴിവാക്കി എന്നും അതിനുശേഷമാണ് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതെന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചു.

ഭാനു തിരക്കഥയും സംവിധാനവും നിർവഹിച്ച രാജ്ധാനി ഫയൽസിൽ അഖിലനും വീണയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2019 തെരഞ്ഞെടുപ്പിൽ അവനിഗഡ്ഡ മണ്ഡലത്തിൽ നിന്ന് ടി.ഡി.പി സ്ഥാനാർത്ഥിയായി മത്സരിച്ച കണ്ഠമനേനി രവി ശങ്കറാണ് ചിത്രം നിർമിച്ചത്.

Content Highlight: Rajdhani Files: Andhra HC stays release of film ‘critical’ of CM

We use cookies to give you the best possible experience. Learn more