ഷാര്‍ജ: ബി.ജെ.പി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന അവസാനത്തെ കോട്ടയാണ് കേരളമെന്നും എന്നാല്‍ പരിഷ്‌കൃതരായ കേരള സമൂഹം അതിനെ ധീരമായി നേരിടുകയാണെന്നും മുതിര്‍ന്നമാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് കേരളത്തില്‍ ബി.ജെ.പി ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്ന് സര്‍ദേശായി അഭിപ്രായപ്പെട്ടത്.
സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന രാഷ്ട്രീയക്കാരെയും കോര്‍പറേറ്റുകളെയും ബഹിഷ്‌ക്കരിക്കുന്ന രീതി മാധ്യമങ്ങള്‍ അവലംബിക്കണമെന്നും രാജ്ദീപ് സര്‍ദേശായിയും സാഗരികാ ഘോഷും പറഞ്ഞും.
“ഇന്ത്യന്‍ ടി.വി ചാനലുകള്‍ മസാലക്കൂട്ടുകള്‍ക്ക് പിന്നാലെ പായുകയാണിപ്പോള്‍. അന്വേഷണാത്മക മധ്യമപ്രവര്‍ത്തനം പോലും ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി വിലപേശാന്‍ ഉപയോഗിക്കുന്ന മാധ്യമരീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ചെറു തസ്തികകളിലുളള ഉദ്യോഗസ്ഥരുടെ അഴിമതിവാര്‍ത്തകള്‍ കൊട്ടിഘോഷിക്കുന്നവര്‍ തലപ്പത്തുളള അഴിമതിയെ മൂടിവെക്കുകയാണ്.” സര്‍ദേശായി പറഞ്ഞു.
“അമിത് ഷായുടെ മകനെക്കുറിച്ചുളള അഴിമതി വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവെച്ചത് ഇതിനുദാഹരണമാണ്. മാധ്യമസ്ഥാപനങ്ങള്‍ കോര്‍പറേറ്റുകളുമായി ചേര്‍ന്ന് സ്‌പോണ്‍സേര്‍ഡ് വാര്‍ത്തകള്‍ നല്‍കാന്‍ മത്സരിക്കുന്ന കാലമാണിത്. അധാര്‍മിക മാധ്യമപ്രവര്‍ത്തനം നടത്തുന്ന ചാനലുകളുടെ മേധാവികള്‍ പാര്‍ലമെന്റില്‍ കയറിയിരുന്ന് ധാര്‍മികത പ്രസംഗിക്കുന്നതിനും പുതിയ കാലം സാക്ഷിയാവുകയാണ്” രാജ്ദീപ് സര്‍ദേശായി കൂട്ടിച്ചേര്‍ത്തു.
“ബി.ജെ.പി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന അവസാനത്തെ കോട്ടയാണ് കേരളം. അവിടെ വിജയിക്കുകയെന്നത് അവര്‍ക്ക് അഭിമാന പോരാട്ടമാണ്. അതിനായ് വാര്‍ത്തയെ കേരളത്തിലേക്ക് കേന്ദ്രീകരിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. എന്നാല്‍ പരിഷ്‌കൃതരായ കേരള സമൂഹം അതിനെ ധീരമായി നേരിടുന്നുണ്ട്” അദ്ദേഹം പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്നെ വലിയ ഒറ്റ കക്ഷിയാകുമെന്നാണ് കണക്കുകൂട്ടലെന്നും മികച്ച മുന്നണി കൂട്ടുകെട്ടുകള്‍ ഉണ്ടായാല്‍ മോദിയുടെ ഭരണതുടര്‍ച്ച അസാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ പരാന്നഭോജികളായി മാറിയിരിക്കുകയാണെന്ന് ചടങ്ങില്‍ സാഗരിക ഘോഷ് പറഞ്ഞു. “ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും ധാര്‍മ്മിക മൂല്ല്യം പുലര്‍ത്തുന്നവരാണെങ്കിലും സ്ഥാപനങ്ങളുടെയും മാധ്യമ മുതലാളികളുടെയും അജണ്ടയ്ക്കുവേണ്ടി ജോലിയെടുക്കേണ്ടി വരുന്നവരാണെന്നും” സാഗരിക കൂട്ടിച്ചേര്‍ത്തു.
രാജ്ദീപ് എഴുതിയ ഡെമോക്രസി ഇലവന്‍, സാഗരികയുടെ ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈംമിനിസ്റ്റര്‍ എന്നി പുസ്തകങ്ങള്‍ ഷാര്‍ജാ ആന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു.
റിപ്പോര്‍ട്ട്: ഷംസീര്‍ ഷാന്‍