| Sunday, 13th January 2019, 6:08 pm

നിങ്ങള്‍ തന്ത്രിക്കൊപ്പമാണോ അല്ലയോ എന്നതല്ല, സുപ്രീം കോടതി വിധിക്കൊപ്പമാണോ എന്നതാണ് ചോദ്യം; രാജ്ദീപ് സർദേശായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രീം കോടതി വിധിക്കൊപ്പമാണ് നില്‍ക്കേണ്ടതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സർദേശായി. കോഴിക്കോട് നടക്കുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ “എ ന്യൂസ്മാന്‍ ട്രാക്കിങ്ങ് ഇന്ത്യ ഇന്‍ ദി മോദി ഇറാ” എന്ന സെഷനില്‍ നിഖില ഹെന്റിക്കൊപ്പം ഇന്ത്യയിലെ വര്‍ത്തമാ രാഷ്ട്രീയത്തെക്കുറിച്ചും മാധ്യമങ്ങളുടെ ഇടപെടലിനെക്കുറിച്ചു സംവദിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസപ്രമാണങ്ങളെക്കാള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനായിരിക്കണം ജനാധിപത്യത്തില്‍ മുന്‍ഗണന എന്നദ്ദേഹം അഭിപ്രായപ്പെട്ടു. “നിങ്ങള്‍ തന്ത്രിക്കൊപ്പമാണോ അതോ അല്ലയോ എന്നല്ല ചോദിക്കേണ്ടത്. നിങ്ങള്‍ ശബരിമല വിധിക്കൊപ്പമാണോ അല്ലയോ എന്നാണ് ശരിയായ ചോദ്യം”- സർദേശായി പറഞ്ഞു.

മാധ്യമങ്ങള്‍ കോര്‍പ്പറേറ്റവത്കരിക്കപ്പെടുന്നതിനെക്കുറിച്ചുള്ള തന്റെ ആശങ്കളും അദ്ദേഹം സെഷനില്‍ പങ്കുവെച്ചു. പ്രാദേശിക ചാനലുകളും ദേശീയ ചാനലുകളും രാഷ്ട്രീയക്കാരും ബിസിനസുകാരാണ് കൈകാര്യം ചെയ്യുന്നതെന്നും, ഒരു ചാനല്‍ ഒരു രാജ്യസഭാ എം പിയുടെ ഉടമസ്ഥതയിലാണെങ്കില്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് സത്യം അറിയാന്‍ കഴിയുക എന്നും അദ്ദേഹം ചോദിച്ചു. മുഖ്യധാരാ മാധ്യമങ്ങളായ ചാനലുകള്‍ക്കൊപ്പം തന്നെയാണ് നവമാധ്യമങ്ങളായ ഓണ്‍ലൈന്‍ സൈറ്റുകളുടേയും, സോഷ്യല്‍ മീഡിയയുടേയും സ്ഥാനം എന്നും സർദേശായി പറഞ്ഞു.

Also Read എന്നോട് ആള്‍ക്കാര്‍ മിണ്ടാതിരിക്കാന്‍ പറയാറുണ്ട്. പക്ഷെ എനിക്ക് പേടിയില്ല: പ്രകാശ് രാജ്

ചലച്ചിത്രതാരങ്ങളോടൊപ്പം സെല്‍ഫി എടുക്കുന്ന മോദി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ചെവി കൊടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഗൗരവമായി എടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “താരങ്ങളുടെ കൂടെ നിന്നല്ല സെല്‍ഫി എടുക്കേണ്ടത്. കര്‍ഷകരുടെ കൂടെ നിന്നാണ്. ഇത്തരം സെല്‍ഫികള്‍ക്ക് കവറേജ് നല്‍കരുത്”- സർദേശായി പറഞ്ഞു.

നരേന്ദ്ര മോദിയുടെ മാധ്യമങ്ങളോടുള്ള സമീപനവും മാധ്യമങ്ങളുടെ തിരിച്ചുള്ള സമീപനത്തെയും അദ്ദേഹം വിമര്‍ശിച്ചു. മാധ്യമങ്ങള്‍ പി ആര്‍ ഏജന്‍സികള്‍ ആവാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. “പണ്ടത്തെ രാഷ്ട്രീയക്കാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമെങ്കിലും നല്‍കുമായിരുന്നു. മോദിക്ക് തൊലിക്കട്ടി കൂടുതലാണ്. തന്റെ ആരാധകരല്ലാത്ത ഭക്തന്മാരല്ലാത്ത ആള്‍ക്കാരില്‍ നിന്നും മോദി ചോദ്യങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകണം. തെരഞ്ഞെടുപ്പില്‍ മാത്രമല്ല. അല്ലാതെയും ജനങ്ങളുടെ ചോദ്യങ്ങള്‍ നേരിടണം”- സർദേശായി പറഞ്ഞു.

Also Read “മഹാത്മാ” എന്ന വിശേഷണത്തിന് ഗാന്ധി അര്‍ഹനല്ല; അംബേദ്കറിനൊപ്പമല്ല ഗാന്ധിയുടെ സ്ഥാനം: അരുന്ധതി റോയ്

ട്രംപിനെ അമേരിക്കന്‍ മാധ്യമങ്ങള്‍ നേരിടുന്ന രീതിയും ഇന്ത്യന്‍ മാധ്യമങ്ങള്‍ മോദിയെ നേരിടുന്ന രീതിയും രണ്ടാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ട്രംപിനെ അമേരിക്കന്‍ മാധ്യമങ്ങള്‍ വിമര്‍ശനാത്കമായി നേരിടുമ്പാള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പേടിച്ചിരിക്കയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് ഒരു സിനിമ ഇറക്കണമെങ്കില്‍ അധികാരത്തിലില്ലാത്ത രാജ് താക്കറെയുടെ മുന്നില്‍ തലകുനിക്കണമെന്ന അവസ്ഥ പരിതാപകമാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒട്ടും സുതാര്യമല്ലെന്നും, റാഫേലിന്റെ കാര്യത്തിലും സൊഹ്റാബുദീന്‍ കേസിലും നിരവധി തെളിവുകളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടും അതിനെ കുറിച്ച് സംസാരിക്കാന്‍ മോദി തയാറാവുന്നില്ലെന്നും സർദേശായി കുറ്റപ്പെടുത്തി.

മന്‍മോഹന്‍ സിങ്ങും മോദിയും വളരെ വ്യത്യസ്തരായ പ്രധാനമന്ത്രിമാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “മന്‍മോഹന്‍ സിംഗ് ഒരു മാന്യനായ മനുഷ്യനാണ്. അധികാരം ചിലപ്പോള്‍ നിശബ്ദമാണ്. അദ്ദേഹം 2009ല്‍ രാജി വെക്കേണ്ടതായിരുന്നു. അദ്ദേഹം ചെയ്തതിന്റെ ഫലങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനല്ല കിട്ടിയത്. തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കിലും മന്‍മോഹന്‍ ഒരിക്കലും നോട്ട് നിരോധനം പോലൊരു മണ്ടത്തരം കാണിക്കില്ല. മോദിയും മന്‍മോഹനും ബ്ലാക്ക് ആന്‍ഡ് വൈറ്റ് അല്ല. മോദിക്കും ഗുണങ്ങളുണ്ട്. ഭീം ആപ്പും ഇന്ത്യയെ ഡിജിറ്റെെസ് ചെയ്യാനുള്ള ശ്രമവും സത്യസന്ധമായിരുന്നു. അദ്ദേഹം പേശീബലമുള്ള ദേശീയവാദിയായ രാഷ്ട്രീയക്കാരണാണ്, നല്ലൊരു രാഷ്ട്രീയക്കാരനുമാണ്. പക്ഷെ അത് മാത്രം പോരാ. 56 ഇഞ്ച് നെഞ്ച് കൊണ്ട് മാത്രം കാര്യമില്ല. ഗാന്ധിജിക്ക് 15 ഇഞ്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ”- സർദേശായി പറഞ്ഞു.

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനവും മാധ്യമപ്രവര്‍ത്തകരും പാകിസ്ഥാനടക്കമുള്ള അയല്‍ രാജ്യങ്ങളിലേതിനെക്കാള്‍ മെച്ചപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ധബോല്‍ക്കറുടെയും ഗൗരി ലങ്കേഷിന്റെയും കൊലപാതകികളെ ഇനിയും പിടികൂാത്തതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളാണെന്നും സര്‍ദേസായി ആരോപിച്ചു.

We use cookies to give you the best possible experience. Learn more