| Thursday, 25th June 2020, 9:04 am

'ഏറ്റവും കൂടുതല്‍ ചൈനീസ് നിക്ഷേപമുള്ളത് ഗുജറാത്തിലാണ്, അവിടത്തെ ബി.ജെ.പി സര്‍ക്കാര്‍ ചൈനീസ് ചാരന്‍മാരാണോ?'; തന്നെ ചൈനീസ് ചാരനെന്ന് വിളിച്ച സംപിത് പത്രയോട് രജ്ദീപ് സര്‍ദേശായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായിയേയും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയേയും ചൈനീസ് ചാരന്‍മാരെന്ന് വിളിച്ച് ബി.ജെ.പി വക്താവ് സംപിത് പത്ര. ഇന്ത്യ-ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേ ചാനല്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലായിരുന്നു സംപിത് പത്രയുടെ പരാമര്‍ശം.

ചര്‍ച്ചയ്ക്കിടെ മുംബൈ ആക്രമണത്തില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന നരേന്ദ്രമോദിയുടെ പ്രസംഗത്തിന്റെ വീഡിയോ കാണിച്ചിരുന്നു. ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ്, കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അന്ന് ബി.ജെ.പി വിമര്‍ശിച്ചത് പോലെ തന്നെയാണ് അതിനെന്തിനാണ് അസ്വസ്ഥമാകുന്നത് എന്നായിരുന്നു സര്‍ദേശായിയുടെ ചോദ്യം.

ഇതിന് മറുപടി പറയുന്നതിനിടെ കോണ്‍ഗ്രസ് വക്താവ് ഇടപെട്ടതോടെയാണ് സംപിത് പത്ര പ്രകോപിതനായത്. തന്നെ ഉത്തരം പറയാന്‍ അനുവദിക്കുന്നില്ലെന്നും നിങ്ങള്‍ ചൈനീസ് ചാരന്‍മാരാണോ എന്നുമായിരുന്നു സംപിത് പത്രയുടെ ചോദ്യം.

ചൈനയ്ക്ക് ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് ഗുജറാത്തിലാണെന്നും അങ്ങനെയെങ്കില്‍ ഗുജറാത്ത് സര്‍ക്കാര്‍ ചൈനീസ് ചാരന്‍മാരാണെന്ന് പറയാന്‍ പറ്റുമോ എന്നുമായിരുന്നു സര്‍ദേശായിയുടെ ചോദ്യം. ചൈനീസ് ചാരന്‍ എന്ന വാക്കൊന്നും അങ്ങനെ എളുപ്പത്തില്‍ എടുത്ത് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്കിലെ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു.


ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more