| Tuesday, 14th February 2017, 12:48 pm

'എന്തുകൊണ്ട് ഈ വാര്‍ത്ത ട്രെന്റായില്ല? എവിടെ രോഷാകുലരായ ബി.ജെ.പി പോരാളികള്‍?' രജദീപ് സര്‍ദേശായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

“ഇതാണ് “രോഷപ്രകടനത്തിന്റെ” രീതി! സോഷ്യല്‍ മീഡിയ യോദ്ധാക്കളെ ദൈവം സഹായിക്കട്ടെ”


ന്യൂദല്‍ഹി: ഐ.എസ്.ഐ ബന്ധത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റിലായ വാര്‍ത്ത എന്തുകൊണ്ട് ട്രെന്റായില്ലെന്ന ചോദ്യവുമായി മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി. ബി.ജെ.പി പ്രവര്‍ത്തകര്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായപ്പോള്‍ മിണ്ടാതിരിക്കുന്ന പാര്‍ട്ടി അണികളെ പരിഹസിച്ചുകൊണ്ടാണ് സര്‍ദേശായി ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

“എന്തുകൊണ്ട് ഈ വാര്‍ത്ത ട്രെന്റിങ് ആയില്ല? എവിടെ രോഷാകുലരായ പോരാളികള്‍?” എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അറസ്റ്റിലായയാളുടെ ബി.ജെ.പി ബന്ധം തെളിയിക്കുന്ന ചിത്രമുള്‍പ്പെടെയുള്ള വാര്‍ത്തയ്‌ക്കൊപ്പമാണ് രജദീപിന്റെ ട്വീറ്റ്.
പരിഹസിച്ചുള്ള ഈ പോസ്റ്റിനു കീഴില്‍ തെറിവിളിച്ച ഒരാള്‍ക്ക് രജദീപ് നല്‍കിയ മറുപടി ഇങ്ങനെ: “ഇതാണ് “രോഷപ്രകടനത്തിന്റെ” രീതി! സോഷ്യല്‍ മീഡിയ യോദ്ധാക്കളെ ദൈവം സഹായിക്കട്ടെ”


Must Read: പത്താന്‍കോട്ട്, ഉറി ആക്രമണങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കാന്‍ ബി.ജെ.പി നേതാക്കളുള്‍പ്പെട്ട ചാര സംഘത്തിന്റെ സഹായം പാകിസ്ഥാന്‍ തേടിയതായി റിപ്പോര്‍ട്ട്


പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മധ്യപ്രദേശില്‍ നിന്നും 11 പേരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ ബി.ജെ.പി ഐ.ടി സെല്‍ ജില്ലാ കോഡിനേറ്റര്‍ ധ്രുവ് സക്‌സേനയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവാതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

നേരത്തെ കേന്ദ്രസര്‍ക്കാറിനെതിരെ അഭിപ്രായം രേഖപ്പെടുത്തുന്ന, സൈന്യത്തെ വിമര്‍ശിക്കുന്ന പലരെയും രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തി ബി.ജെ.പി ആക്രമിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ജെ.എന്‍.യുവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉമര്‍ ഖാലിദ് എന്ന വിദ്യാര്‍ഥിയ്ക്ക് ഐ.എസ്.ഐ ബന്ധമുണ്ടെന്ന് സംഘപരിവാര്‍ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയിരുന്നു. ഇത്തരം പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ബി.ജെ.പിയും ഐ.ടി സെല്ലാണെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു.

ഇതേ ഐ.ടി സെല്ലില്‍ ഉള്‍പ്പെട്ട ഒരാളെയാണ് ഇപ്പോള്‍ ഐ.എസ്.ഐ ബന്ധത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more