ചെന്നൈ: രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുന്ന തമിഴ്‌നാട്ടില്‍ വീണ്ടും നാടകീയ സംഭവങ്ങള്‍. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവൂ കേന്ദ്രത്തിന് വീണ്ടും റിപ്പോര്‍ട്ട് നല്‍കിയെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് രാജ്ഭവന്‍ രംഗത്തെത്തിയിരിക്കുകയാണ്. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ല, രാഷ്ട്രപതിയ്‌ക്കോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
വി.കെ ശശികലയ്‌ക്കെതിരെ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചതായാണ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. ശശികലയ്‌ക്കെതിരായ കേസിന്റെ തല്‍സ്ഥിതി അറിയിക്കണം. എം.എല്‍.എമാരെ തടവില്‍ വച്ചത് അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നതായിരുന്ന വാര്‍ത്ത.
അതേസമയം, എം.എല്‍.എമാര്‍ ഒളിവില്‍ കഴിയുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ കേന്ദ്രസേനയെ വിന്യസിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനും ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി നിലനില്‍ക്കുന്നുവെന്നും എത്രയും പെട്ടെന്ന് പ്രശ്‌നത്തില്‍ ഇടപെടണമെന്നും അദ്ദേഹം ഗവര്‍ണറെ അറിയിച്ചിരുന്നു.