| Tuesday, 29th October 2024, 3:55 pm

ഡേയ് രഞ്ജി ട്രോഫിയാണ്, ഇങ്ങനെ ഒന്നും അടിക്കാതെ; ചരിത്രം കുറിച്ച് വിരാടിന്റെ കരുത്തന്‍

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് സൂപ്പര്‍ താരം രജത് പാടിദാര്‍. ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മധ്യപ്രദേശ് – ഹരിയാന മത്സരത്തിലാണ് മധ്യപ്രദേശ് സൂപ്പര്‍ താരം തകര്‍പ്പന്‍ നേട്ടത്തിലെത്തിയത്.

മധ്യപ്രദേശിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയാണ് പാടിദാര്‍ തിളങ്ങിയത്. 102 പന്ത് നേരിട്ട് 159 റണ്‍സാണ് താരം സ്വന്തമാക്കിയത്. നേരിട്ട 68ാം പന്തിലാണ് പാടിദാര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തെ തേടിയെത്തിയിരുന്നു.

രഞ്ജി ട്രോഫി ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ മൂന്നാമത് സെഞ്ച്വറി എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.

സൂപ്പര്‍ താരം റിഷബ് പന്തിന്റെ പേരിലാണ് ഏറ്റവും വേഗമേറിയ രഞ്ജി സെഞ്ച്വറിയുടെ റെക്കോഡുള്ളത്. രാജസ്ഥാന്‍ റോയല്‍സിന്റെ അസം താരം റിയാന്‍ പരാഗാണ് ഈ ലിസ്റ്റില്‍ രണ്ടാമത്. ഇവര്‍ക്ക് ശേഷം മൂന്നാമനായാണ് പാടിദാര്‍ ഈ ലിസ്റ്റില്‍ ഇടം നേടിയത്.

രഞ്ജി ട്രോഫിയിലെ വേഗമേറിയ സെഞ്ച്വറി

(താരം – ടീം – എതിരാളികള്‍ – സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍ – വര്‍ഷം (സീസണ്‍) എന്നീ ക്രമത്തില്‍)

റിഷബ് പന്ത് – ദല്‍ഹി – ജാര്‍ഖണ്ഡ് – 48 – 2016 (2016-17)

റിയാന്‍ പരാഗ് – അസം – ഛത്തീസ്ഗഢ് – 56 – 2024 (2023-24)

രജത് പാടിദാര്‍ – മധ്യപ്രദേശ് – ഹരിയാന – 68 – 2024* (2024-25)

നമന്‍ ഓജ – മധ്യപ്രദേശ് – കര്‍ണാടക – 69 – 2015 (2014-15)

ഏകലവ്യ ദ്വിവേദി – ഉത്തര്‍പ്രദേശ് – റെയില്‍വേയ്‌സ് – 72 – 2015 (2014-15)

റിഷബ് പന്ത് – ദല്‍ഹി – ജാര്‍ഖണ്ഡ് – 82 – 2016 (2016-17)

അതേസമയം, മധ്യപ്രദേശ് ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ഓടിയടുക്കുകയാണ് ഹരിയാന. നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 എന്ന നിലയിലാണ് ഹരിയാന.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 308 റണ്‍സ് നേടി. വിക്കറ്റ് കീപ്പര്‍ ഹിമാന്‍ഷു മന്ത്രിയുടെ പ്രകടനമാണ് ടീമിനെ തുണച്ചത്. 265 പന്ത് നേരിട്ട താരം 97 റണ്‍സ് നേടി.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഹരിയാന മധ്യപ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടന്ന് ലീഡ് സ്വന്തമാക്കി. ലക്ഷ്യ സുമന്‍ ദലാലിന്റെ സെഞ്ച്വറിയും ധീരു സിങ് അടക്കമുള്ള താരങ്ങളുടെ തകര്‍പ്പന്‍ ഇന്നിങ്‌സുമാണ് ഹരിയാനക്ക് ആദ്യ ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചത്.

ദലാല്‍ 271 പന്തില്‍ 105 റണ്‍സ് നേടി പുറത്തായി. ധീരു സിങ് 173 പന്തില്‍ 94 റണ്‍സാണ് ടോട്ടലിലേക്ക് കൂട്ടച്ചേര്‍ത്തത്. ഹിമാന്‍ഷു റാണ 99 പന്തില്‍ 90 റണ്‍സടിച്ചപ്പോള്‍ 165 പന്തില്‍ 81 റണ്‍സുമായി ഹര്‍ഷല്‍ പട്ടേലും തിളങ്ങി. ഒടുവില്‍ 440ന് ഹരിയാന പുറത്തായി.

ലീഡ് വഴങ്ങിയ മധ്യപ്രദേശ് രണ്ടാം ഇന്നിങ്‌സില്‍ പാടിദാറിന്റെ കരുത്തില്‍ 308ന് നാല് എന്ന നിലയില്‍ തുടരവെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Content Highlight: Rajat Patidar smashes 3rd fastest Ranji Trophy century

We use cookies to give you the best possible experience. Learn more