വിജയ് ഹസാരെ ട്രോഫിയില്‍ നാഗാലാന്‍ഡിനെതിരെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി മധ്യപ്രദേശ്. 241 പന്തും ഒമ്പത് വിക്കറ്റും ശേഷിക്കവെയാണ് മധ്യപ്രദേശ് വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ മധ്യപ്രദേശ് നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കുല്‍വന്ത് ഖജ്‌രോലിയയും കുമാര്‍ കാര്‍ത്തികേയയും ഒന്നിച്ച മധ്യപ്രദേശ് ബൗളിങ് നിരയ്ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ നാഗാലാന്‍ഡിന് സാധിച്ചില്ല.
ആദ്യ മൂന്ന് താരങ്ങളും ഒറ്റയക്കത്തിന് പുറത്തായപ്പോള്‍ നാലാം നമ്പറില്‍ ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ സുമിത് കുമാര്‍ ചെറുത്തുനില്‍പിന് ശ്രമിച്ചു. 66 പന്തില്‍ 33 റണ്‍സ് നേടിയാണ് സുമിത് കുമാര്‍ പുറത്തായത്.
എട്ടാമതായി കളത്തിലെത്തിയ തഹ്‌മീദ് റഹ്‌മാനാണ് നാഗാലാന്‍ഡിനെ നൂറ് കടത്തിയത്. 41 പന്തില്‍ നിന്നും പുറത്താകാതെ 34 റണ്‍സാണ് റഹ്‌മാന്‍ നേടിയത്.
ഒടുവില്‍ 41 ഓവറില്‍ 132 റണ്‍സിന് നാഗാലാന്‍ഡ് ഓള്‍ ഔട്ടായി.
മധ്യപ്രദേശിനായി കുല്‍വന്ത് ഖജ്‌രോലിയ ഒമ്പത് ഓവര്‍ പന്തെറിഞ്ഞ് 31 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പത്ത് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് കുമാര്‍ കാര്‍ത്തികേയ സ്വന്തമാക്കിയത്. ഹോകായിതോ സിമോമി റണ്‍ ഔട്ടായപ്പോള്‍ സാരാംശ് ജെയ്‌നും അര്‍ഷദ് ഖാനും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് ആദ്യ ഓവറില്‍ തന്നെ നയം വ്യക്തമാക്കിയിരുന്നു. യാഷ് ദുബെയും രജത് പാടിദാറും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 127 റണ്‍സിന്‍ന്റെ വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി.
ദുബെ 30 പന്തില്‍ പുറത്താകാതെ 49 റണ്‍സ് നേടിയപ്പോള്‍ വെറും 27 പന്തില്‍ 70 റണ്‍സായിരുന്നു പാടിദാറിന്റെ സമ്പാദ്യം. ഒമ്പത് ബൗണ്ടറിയും അഞ്ച് സിക്‌സറും ഉള്‍പ്പെടെ 259.26 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് പാടിദാര്‍ റണ്‍സടിച്ചുകൂട്ടിയത്.
പാടിദാറിന്റെയും ദുബെയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സിന് പിന്നാലെ മധ്യപ്രദേശ് 9.5 ഓവറില്‍ വിജയിച്ചുകയറുകയായിരുന്നു.
ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനത്തെത്താനും മധ്യപ്രദേശിനായി. ഒരു മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് മധ്യപ്രദേശിനുള്ളത്. ബറോഡക്കെതിരെ ആദ്യ മത്സരം വിജയിച്ച ബംഗാളാണ് ഒന്നാം സ്ഥാനത്ത്. +4.813 എന്ന തകര്‍പ്പന്‍ നെറ്റ് റണ്‍ റേറ്റിന്റെ ബലത്തിലാണ് ബംഗാള്‍ ഒന്നാമതെത്തിയത്.
നവംബര്‍ 27നാണ് മധ്യപ്രദേശിന്റെ അടുത്ത മത്സരം. എം.സി.എ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബാണ് എതിരാളികള്‍.
Content highlight: Rajat Patidar’s brilliant innings in Vijay Hazare Trophy