| Monday, 27th June 2022, 10:46 am

നിര്‍ണായക മത്സരത്തില്‍ അടിച്ചുതകര്‍ക്കുന്ന ഒരു പ്രത്യേക തരം പ്രാന്താണവന്; ടെസ്റ്റോ ടി-20യോ ആവട്ടെ ബാറ്റിങ്ങില്‍ ഇവന്‍ പുലിയാണ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു രഞ്ജി ട്രോഫി ഫൈനല്‍ മത്സരത്തില്‍ മുംബൈയെ തോല്‍പിച്ച് മധ്യപ്രദേശ് കിരീടം ചൂടിയത്. 42ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ മുംബൈയെ മധ്യപ്രദേശ് താരങ്ങള്‍ തളച്ചിടുകയും തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കുകയുമായിരുന്നു.

മത്സരത്തിലുടനീളം സമഗ്രാധിപത്യം പുലര്‍ത്തിയായിരുന്നു മധ്യപ്രദേശ് വിജയം കൈപ്പിടിയിലൊതുക്കിയത്. അവസാന ദിനം 108 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മധ്യപ്രദേശ് ആറ് വിക്കറ്റിന് വിജയം സ്വന്തമാക്കുകയായിരുന്നു.

ചിന്നസ്വാമിയില്‍ വെച്ച് നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ മുംബൈ ഉയര്‍ത്തിയ 374 റണ്ണിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് 536 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു. മുംബൈക്കായി ആദ്യ ഇന്നിങ്സില്‍ സര്‍ഫറാസ് ഖാന്‍ 134 റണ്ണും ജെയ്സ്വാള്‍ 78 റണ്ണും നേടിയിരുന്നു.

മധ്യപ്രദേശ് നിരയില്‍ യാഷ് ദുബെ, ശുഭം ശര്‍മ, രജത് പാടിദാര്‍ എന്നിവരാണ് ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയത്. ദുബെ 133 റണ്‍ നേടിയപ്പോള്‍ ശുഭം ശര്‍മ 116ഉം പാടിദാര്‍ 122ഉം റണ്‍സ് നേടി. രണ്ടാം ഇന്നിങ്സില്‍ 30 റണ്‍ നേടിയ ശുഭം ശര്‍മയാണ് കളിയിലെ താരം.

നിര്‍ണായക മത്സരത്തില്‍ തിളങ്ങുകയെന്നത് തന്റെ ശീലമാണെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ടുറപ്പിച്ചിരിക്കുകയാണ് യുവതാരം രജത് പാടിദാര്‍. ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായ പാടിദാര്‍ ആര്‍.സി.ബിക്ക് വേണ്ടിയും തിളങ്ങിയിരുന്നു.

ഐ.പി.എല്‍ പ്ലേ ഓഫിലെ ആദ്യ എലിമിനേറ്റര്‍ മത്സരത്തിലായിരുന്നു പാടിദാര്‍ തന്റെ വിശ്വരൂപം ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്തത്. ലഖ്‌നൗ ബൗളര്‍മാരെ മൈതാനത്തിന് നാലുപാടും അടിച്ചുപറത്തി പ്ലേ ഓഫ് മത്സരത്തില്‍ ഒരു അണ്‍ക്യാപ്ഡ് താരത്തിന്റെ സെഞ്ച്വറി എന്ന റെക്കോഡും പാടിദാര്‍ സ്വന്തമാക്കിയിരുന്നു.

മികച്ച രീതിയില്‍ ബാറ്റ് വീശിയ പാടിദാര്‍ 28 പന്തില്‍ നിന്നും 178.5 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു തന്റെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അവിടം കൊണ്ടും നിര്‍ത്താതെ താരം അടി തുടരുകയായിരുന്നു. പിന്നീടുള്ള 21 പന്തിലായിരുന്നു താരം നൂറടിച്ചത്.

ഒടുവില്‍ 54 പന്തില്‍ നിന്നും പുറത്താവാതെ 112 റണ്‍സായിരുന്നു താരം ആ മത്സരത്തില്‍ നിന്നും നേടിയത്. 207.41 എന്ന പ്രഹരശേഷിയിലായിരുന്നു താരത്തിന്റെ കൊട്ടിക്കലാശം. 12 ഫോറും ഏഴ് സിക്സറും ഇതില്‍ ഉള്‍പ്പെടും.

അതേസമയം, തങ്ങളുടെ ആദ്യ രഞ്ജികിരീടമായിരുന്നു മധ്യപ്രദേശ് നേടിയത്. 23 വര്‍ഷത്തിന് ശേഷമായിരുന്നു മധ്യപ്രദേശ് രഞ്ജി ഫൈനലില്‍ പ്രവേശിച്ചത്. 1999ലായിരുന്നു അവസാനമായി മധ്യപ്രദേശ് ഫൈനല്‍ കളിച്ചത്. അന്ന് ടീമിന്റെ ക്യാപ്റ്റനായിരുന്ന ചന്ദ്രകാന്ത് പണ്ഡിറ്റ് ഇത്തവണ മധ്യപ്രദേശിന്റെ കോച്ചായിരുന്നു.

1999ല്‍ ഇതേ ഗ്രൗണ്ടിലായിരുന്നു മധ്യപ്രദേശ് തോറ്റത്. എന്നാല്‍ കണ്ണിരുവീണ അതേ മണ്ണില്‍ കിരീടം നേടി ചരിത്രം കുറിച്ചിരിക്കുകയാണ് മധ്യപ്രദേശ്.

അതേസമയം 42ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ മുംബൈ മികച്ച പോരാട്ടമായിരുന്നു കാഴ്ചവെച്ചത്. സീസണിലെ ഓരോ മത്സരത്തിലും അടിച്ചുകൂട്ടിയ മുംബൈയുടെ സര്‍ഫറാസ് ഖാനായിരുന്നു ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

Content highlight: Rajat Patidar continues his form in the Ranji Trophy after the IPL

We use cookies to give you the best possible experience. Learn more