IPL
സ്വര്‍ണത്തിന്റെ പെട്ടി അവര്‍ ചില്ലറക്കാശ് ഇടാന്‍ വെച്ചിരിക്കുകയായിരുന്നു; ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ആദ്യം, സൂപ്പര്‍ റെക്കോഡുമായി ആര്‍.സി.ബിയുടെ പയ്യന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 May 25, 04:54 pm
Wednesday, 25th May 2022, 10:24 pm

ഐ.പി.എല്ലിന്റെ ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ നിറഞ്ഞാടിയത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ യുവതാരം രജത് പാടിദാറാണ്.

കഴിഞ്ഞ സീസണ്‍ മുതല്‍ മാത്രം ഐ.പി.എല്‍ കളിച്ചുതുടങ്ങിയ ഒരു താരത്തിന്റെ പ്രകടനമല്ലായിരുന്നു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കണ്ടത്. തഴക്കവും പഴക്കവും വന്ന ഒരു ടി-20 സ്‌പെഷ്യലിസ്റ്റ് എന്ന കണക്കെയായിരുന്നു പാടിദാര്‍ ലഖ്‌നൗ ബൗളര്‍മാരെ തച്ചുതകര്‍ത്തത്.

ക്യാപ്റ്റന്‍ ഫാഫ് അടക്കമുള്ള മുന്‍നിര ബാറ്റര്‍മാരെല്ലാം തന്നെ കാലിടറി വീണപ്പോള്‍ ഇന്നിംഗ്‌സിന്റെ നെടുനായകത്വം ഈ കൊച്ചുപയ്യന്‍ ഏറ്റെടുക്കുകയായിരുന്നു.

നേരിട്ട ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസും 24 പന്തില്‍ നിന്നും 25 റണ്‍സുമായി കിംഗ് കോഹ്‌ലിയും 10 പന്തില്‍ നിന്നും ഒമ്പത് റണ്ണുമായി മാക്‌സ്‌വെല്ലും പുറത്തായപ്പോള്‍ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കേണ്ട ചുമതല രജത് ഏറ്റെടുക്കുകയായിരുന്നു.

28 പന്തില്‍ നിന്നും 178.5 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു പാടിദാര്‍ തന്റെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അവിടം കൊണ്ടും നിര്‍ത്താതെ താരം അടി തുടരുകയായിരുന്നു. പിന്നീടുള്ള 21 പന്തിലായിരുന്നു താരം സെഞ്ച്വറിയിലേക്ക് നടന്നുകയറിയത്.

ഒടുവില്‍ 54 പന്തില്‍ നിന്നും പുറത്താവാതെ 112 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 207.41 എന്ന പ്രഹരശേഷിയിലായിരുന്നു താരത്തിന്റെ കൊട്ടിക്കലാശം. 12 ഫോറും ഏഴ് സിക്‌സറും ഇതില്‍ ഉള്‍പ്പെടും.

ഇതോടെ ഒരു അപൂര്‍വ റെക്കോഡും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ഐ.പി.എല്‍ പ്ലേ ഓഫില്‍ സെഞ്ച്വറി നേടുന്ന ആദ്യ അണ്‍ക്യാപ്ഡ് താരം എന്ന റെക്കോഡാണ് പാടിദാറിനെ തേടിയെത്തിയത്.

അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ദിനേഷ് കാര്‍ത്തിക്കിനൊപ്പം ചേര്‍ന്ന് പാടിദാര്‍ സ്‌കോര്‍ബോര്‍ഡിനെ ചലിപ്പിച്ചുകൊണ്ടിരുന്നു. 23 പന്തില്‍ നിന്നും 160.87 ശരാശരിയില്‍ 37 റണ്‍സായിരുന്നു കാര്‍ത്തിക് നേടിയത്.

ഒടുവില്‍, 20 ഓവര്‍ അവസാനിക്കുമ്പോള്‍ 207ന് നാല് വിക്കറ്റ് എന്ന നിലയിലാണ് ആര്‍.സി.ബി ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.

 

Content Highlight: Rajat Patidar Becomes First Uncapped Player to Score a Century in IPL Playoffs