| Sunday, 26th March 2023, 4:01 pm

ഇതൊക്കെ സഹിക്കാനുള്ള കരുത്ത് വിരാടിന് കൊടുക്കണേ... അടിക്ക് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സിന് വമ്പന്‍ തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ തങ്ങളുടെ ആദ്യ കിരീടം മോഹിച്ചിറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വമ്പന്‍ തിരിച്ചടി. സൂപ്പര്‍ താരം രജത് പാടീദാര്‍ പരിക്കേറ്റ് പുറത്തായതോടെയാണ് റോയല്‍ ചലഞ്ചേഴ്‌സിന് സീസണിന് മുമ്പ് തന്നെ തിരിച്ചടി നേരിടേണ്ടി വന്നത്.

ആര്‍.സി.ബിയുടെ ബാറ്റിങ് യൂണിറ്റിലെ കരുത്തന്റെ സേവനമാണ് ടീമിന് നഷ്ടമായിരിക്കുന്നത്. പരിക്കില്‍ നിന്നും മുക്തനാകാത്ത പാടിദാറിന് ടൂര്‍ണമെന്റിന്റെ ആദ്യ പകുതി മുഴുവനായും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ.പി.എല്‍ 2023ന് മുന്നോടിയായി ടീമിനൊപ്പം ചേരാന്‍ തയ്യാറെടുക്കവെയാണ് പാടിദാറിന്റെ കാലിന് പരിക്കേറ്റത്. ഉപ്പൂറ്റിക്കേറ്റ പരിക്ക് അല്‍പം സാരമുള്ളതാണെന്നും മൂന്നാഴ്ചയിലധികം താരത്തിന് വിശ്രമം വേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടരുകയാണ് പാടിദാര്‍. മൂന്നാഴ്ചക്ക് ശേഷം ഡോക്ടര്‍മാര്‍ താരത്തിന് സ്‌കാനിങ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് ശേഷം ആരോഗ്യനില തൃപ്തികരമാവുകയും എന്‍.സി.എയില്‍ നിന്നുള്ള നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ചാല്‍ മാത്രമേ താരത്തിന് ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കൂ.\

കഴിഞ്ഞ സീസണില്‍ പരകക്കാരനായെത്തി ടീമിന്റെ വിശ്വസ്തനായ പാടിദാറിന്റെ അഭാവം റോയല്‍ ചലഞ്ചേഴ്‌സിന്റെ പ്ലെയിങ് ഇലവനെ എത്രത്തോളം ബാധിക്കും എന്നാണ് ഇനി കണ്ടറിയേണ്ടത്.

കഴിഞ്ഞ സീസണിന് മുമ്പായുള്ള മെഗാ താരലേലത്തില്‍ പാടിദാറിനെ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ലുവിത് സിസോദിയ പരിക്കേറ്റ് പുറത്തായതോടെ പകരക്കാരന്റെ റോളിലാണ് പാടിദാര്‍ ആര്‍.സി.ബിയിലേക്ക് എത്തിയത്.

പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചപ്പോഴെല്ലാം തന്നെ താരം തന്റെ ക്ലാസ് വ്യക്തമാക്കിയിരുന്നു. വിരാടിനും ഫാഫിനും ശേഷം കഴിഞ്ഞ സീസണില്‍ ആര്‍.സി.ബിക്കായി കൂടുതല്‍ റണ്ണടിച്ച താരവും പാടിദാര്‍ തന്നെയായിരുന്നു. 333 റണ്‍സാണ് താരം കഴിഞ്ഞ സീസണില്‍ താരം സ്വന്തമാക്കിയത്.

നോക്ക് ഔട്ട് ഘട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഇന്നിങ്‌സ് ഒന്നുമാത്രം മതിയായിരുന്നു താരത്തിന്റെ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റിങ് എത്രത്തോളമാണെന്ന് മനസിലാക്കാന്‍.

നോക്ക് ഔട്ടില്‍ ലഖ്‌നൗവിനെതിരെ 54 പന്തില്‍ നിന്നും പുറത്താകാതെ 112 റണ്‍സാണ് താരം നേടിയത്. കഴിഞ്ഞ സീസണില്‍ സെഞ്ച്വറി തികച്ച നാല് ബാറ്റര്‍മാരില്‍ ഒരാളും ഇക്കൂട്ടത്തില്‍ അന്താരാഷ്ട്ര മത്സരം കളിക്കാത്ത ഏക താരവും പാടിദാര്‍ മാത്രമായിരുന്നു.

Content Highlight: Rajat Padidar to miss 1st half of IPL 2023, Reports

Latest Stories

We use cookies to give you the best possible experience. Learn more