ജയ്പൂര്‍: ആക്രമിക്കാനെത്തിയ ഉയര്‍ന്ന ജാതിക്കാരായ ജനക്കൂട്ടത്തിനോട് ഇനി ഇത് ആവര്‍ത്തിച്ചാല്‍ തങ്ങള്‍ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന ഭീഷണിയുമായി രാജസ്ഥാനിലെ ദളിതര്‍. രാജസ്ഥാനിലെ കാരൗളി ജില്ലയിലെ ഹിന്ദ്വന്‍ നഗരത്തിലെ ജാതവ് ബസ്തിയിലെ ദളിത് വിഭാഗത്തിനെതിരെയാണ് ആക്രമണം നടന്നത്.
ഇതോടെ പ്രദേശത്ത് അംബേദ്കര്‍ പ്രതിമയ്ക്കു ചുറ്റും ഒത്തുകൂടി ഇനിയിത് ആവര്‍ത്തിച്ചാല്‍ തങ്ങള്‍ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് ഇവര്‍ പ്രതിജ്ഞ ചെയ്യുകയായിരുന്നു.
“അടിക്കുന്നതിനു മുമ്പ് അവര്‍ ഞങ്ങള്‍ ദളിതരാണെന്ന് ഉറപ്പിക്കാന്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ചു. അവരെല്ലാം ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവരാണ്. സ്ത്രീകളെപ്പോലും വെറുതെ വിട്ടില്ല.” ഷര്‍ട്ടൂരി മര്‍ദ്ദനത്തിന്റെ പാടുകള്‍ കാട്ടിക്കൊണ്ട് അശ്വിനി ജാതവ് പറഞ്ഞു.
Also Read: മധ്യപ്രദേശിലെ ദളിത് വേട്ട; മൃതദേഹങ്ങള്‍ സംസ്‌കരിച്ചത് അര്‍ധരാത്രി
അക്രമികളില്‍ മിക്കയാളുകളും ഹിന്ദു മതമൗലികവാദ സംഘടനകളില്‍ നിന്നുള്ളവരാണെന്നും അശ്വനി പറയുന്നു.
എസ്.സി/എസ്.ടി നിയമം ദുര്‍ബലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ദളിതര്‍ ഭാരത ബന്ദ് നടത്തിയതാണ് ഉയര്‍ന്ന ജാതിക്കാരെ പ്രകോപിപ്പിച്ചത്. ഇവര്‍ ദളിത് രാഷ്ട്രീയക്കാരായ കോണ്‍ഗ്രസിന്റെ ഭരോസി ലാല്‍ ജാദവിന്റെയും ബി.ജെ.പി എം.എല്‍.എയായ രാജ്കുമാരി ജാദവിന്റെയും വീടുകള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് ഇവര്‍ വീട്ടിലുണ്ടായിരുന്നില്ല.
സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന തങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് പുഷ്‌പേന്ദ്ര ജാദവ് പറയുന്നു. “ഉയര്‍ന്ന ജാതിക്കാര്‍ ഞങ്ങളെ പ്രത്യേകം വേട്ടയാടുകയാണ്. ഇത് തുടരുകയാണെങ്കില്‍ ഇസ്‌ലാമിലേക്കു പരിവര്‍ത്തനം ചെയ്യുകയല്ലാതെ ഞങ്ങള്‍ക്കു മറ്റുവഴികളില്ല.” അദ്ദേഹം പറഞ്ഞു.
Must Read: സൗദിയില്‍ പങ്കാളിയുടെ ഫോണ്‍ പരിശോധിച്ചാല്‍ തടവും പിഴയും
ഈ സംഭവത്തിനുശേഷം മേഖലയില്‍ വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം