ന്യൂദല്‍ഹി: ജൂലൈ 7ന് ജയ്പൂരില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയ്ക്കുള്ള ഗതാഗത ചിലവായി രാജസ്ഥാന്‍ സര്‍ക്കാര്‍ ചിലവഴിക്കുന്നത് 7.23 കോടി. വ്യാഴാഴ്ച ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.
ഗതാഗത ചിലവിനു പുറമേ ഭക്ഷണം, താമസം തുടങ്ങിയ ഇനങ്ങളിലേക്കായും വലിയ തോതില്‍ പണം ചിലവഴിക്കും. ശനിയാഴ്ച നടക്കുന്ന റാലിയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളായ 2.5 ലക്ഷം പേരെ മോദി കാണുമെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നത്. ഇവരുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമാണ് ഇത്രയേറെ തുക ചിലവഴിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
Also Read:അഭിമന്യു വധം; മുഴുവന്‍ പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞു: വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
രാജസ്ഥാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റാലി നടക്കുന്ന സ്ഥലത്തെത്താന്‍ 5579 ബസുകളാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് 5000 പേരെ അയക്കാന്‍ ബാര്‍മര്‍ ജില്ലാ ഭരണകൂടത്തിന് 24.10 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ഇതിനു പുറമേ പ്രധാനമന്ത്രിയുമായി സംസാരിക്കാനായി തെരഞ്ഞെടുത്തവര്‍ക്ക് മോദിയുടെ ചോദ്യങ്ങള്‍ക്ക് പോസിറ്റീവായി എങ്ങനെ മറുപടി നല്‍കാമെന്നത് സംബന്ധിച്ച് പരിശീലനവും നല്‍കുന്നുണ്ട്.
ഭാരത്പൂര്‍ ജില്ലയില്‍ നിന്നും അഞ്ചുപേരെയാണ് മോദിയുമായി സംവദിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ഇതിനായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാളായ മഞ്ജു ദേവി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മോദിയോട് ചോദ്യങ്ങള്‍ ചോദിക്കരുതെന്നും അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് പോസിറ്റീവായി ഉത്തരം നല്‍കണമെന്നുമാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നാണ് മഞ്ജു ദേവി പറയുന്നത്.
ഗുണഭോക്താക്കളെന്ന് പറഞ്ഞ് ബി.ജെ.പി തെരഞ്ഞെടുത്തവരെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. “തെരഞ്ഞൈടുപ്പ് മുന്നില്‍ കണ്ടാണ് ഗുണഭോക്താക്കളെന്ന പേരില്‍ ഇത്രയും വലിയ ആള്‍ക്കൂട്ടത്തെ ബി.ജെ.പി ഇവിടെ എത്തിക്കുന്നത്” എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
അതേസമയം റാലിയില്‍ പങ്കെടുക്കുന്നവരുടെ രാഷ്ട്രീയ ചായ്‌വ് ഏതാണെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. എന്തെങ്കിലും തരത്തിലുളള പ്രതിഷേധം റാലിയ്ക്കിടെ ഉയരുമെന്ന ഭയവും തങ്ങള്‍ക്കുണ്ടെന്ന് ഇവര്‍ പറയുന്നു.
Also Read:ബെല്‍ജിയത്തിനെതിരെ ഹാട്രിക്ക് നേടൂ; നെയ്മര്‍ക്ക് റഷ്യന്‍ മേയറുടെ വമ്പന്‍ ഓഫര്‍
നേരത്തെ പ്രതിഷേധങ്ങള്‍ ഭയന്ന് മോദിയുടെ പല റാലികളിലും കറുത്ത വസ്ത്രം ധരിച്ചെത്തുന്നവരെ പൊലീസ് വിലക്കിയിരുന്നു.
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.