| Wednesday, 24th June 2020, 2:09 pm

രാംദേവിനെതിരെ കേസ്; നടപടി സര്‍ക്കാര്‍ അനുമതിയില്ലാതെ രോഗികളില്‍ മരുന്ന് പരീക്ഷണം നടത്തിയതിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: പതജ്ഞലി സ്ഥാപകന്‍ രാംദേവിനെതിരെ കേസെടുത്ത് രാജസ്ഥാന്‍ സര്‍ക്കാര്‍. കൊവിഡ് ബാധിതരില്‍ കൊറോണില്‍ എന്ന മരുന്ന് പരീക്ഷണം നടത്തിയതിനാണ് കേസെടുത്തത്. ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നടന്നത് വഞ്ചനയാണെന്നും മരുന്ന് പരീക്ഷണമല്ലെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ പറഞ്ഞു.

നിംസില്‍ നിന്ന് മൂന്ന് ദിവസത്തിനുള്ളില്‍ ഫലങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും മരുന്ന് പരീക്ഷണം നടത്തിയെന്നും സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. നിംസ് ഒഴികെയുള്ള മറ്റെല്ലാ സ്ഥലങ്ങളിലും ഒരേ ദിവസം കൊവിഡ് പരിശോധന നടത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.

രാംദേവിന്റെ പുതിയ മരുന്ന് കണ്ടുപിടുത്തം നല്ല കാര്യമാണെന്നായിരുന്നു ആയുഷ് മന്ത്രി ശ്രീപഥ് നായിക് ഇന്ന് രാവിലെ പറഞ്ഞത്. എന്നാല്‍ പരിശോധനയ്ക്ക് ശേഷമേ അനുമതി നല്‍കൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൊവിഡിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചെന്നും ഏഴു ദിവസം കൊണ്ട് കൊവിഡ് ഭേദമാക്കും എന്നുമായിരുന്നു രാം ദേവിന്റെ പതജ്ഞലി കമ്പനിയുടെ അവകാശവാദം. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന്റെ പേര്. പരീക്ഷണത്തില്‍ നൂറുശതമാനം മരുന്ന് വിജയമാണെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.

രാജ്യത്തെ 280 കൊവിഡ് രോഗികളില്‍ മരുന്ന് ഫലം കണ്ടെന്നാണ് ബാബ രാംദേവ് അവകാശപ്പെട്ടത്. എന്നാല്‍ ആരിലൊക്കെയാണ് മരുന്ന് പരീക്ഷണം നടത്തിയതെന്നോ എന്തെല്ലാമാണ് മരുന്നില്‍ അടങ്ങിയിരിക്കുന്നതെന്നോ വ്യക്തമല്ല.

മാര്‍ച്ച് മാസത്തിലും കൊവിഡിന് മരുന്ന് കണ്ടുപിടിച്ചതായി രാം ദേവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ആരോഗ്യവിദഗ്ധര്‍ തന്നെ രംഗത്തെത്തിയിരുന്നു.

രാംദേവിന്റെ അവകാശവാദത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ എപിഡെമോളജി ഡോക്ടറായ ഗിരിധര്‍ പറഞ്ഞിരുന്നു.

അടിസ്ഥാനരഹിതമായ ഇത്തരം പ്രവൃത്തികള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കാരണമാവുമെന്നും അഭ്യസ്ഥരായ ആളുകള്‍ ഇതിലൂടെ വഴിതെറ്റുന്നതിന് കാരണമായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിലവില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി വാകിസിനുകള്‍ കണ്ടെത്തിയിട്ടില്ല. അതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

കൊവിഡ്-19 പ്രതിരോധത്തിനിനും നിര്‍ണയത്തിനും അശാസ്ത്രീയ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച് നേരത്തേയും രാം ദേവ് രംഗത്തെത്തിയിരുന്നു.
ഒരു മിനുട്ട് ശ്വാസം പിടിച്ചുവെക്കാനാവുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കൊവിഡ് രോഗം ഇല്ലെന്നും ഒപ്പം മൂക്കിലൂടെ കടുകെണ്ണ ഒഴിക്കുന്നതിലൂടെ കൊറോണ വൈറസ് മൂക്കില്‍ നിന്നും വയറ്റിലെത്തുകയും വയറ്റിലെ ആസിഡ് അംശം കാരണം കൊറോണ വൈറസ് ഇല്ലാതാവുമെന്നുമായിരുന്നു രാംദേവ് പറഞ്ഞത്.

എന്നാല്‍ കൊവിഡ് പ്രതിരോധത്തിനും നിര്‍ണയത്തിനും മെഡിക്കല്‍ രംഗം നിര്‍ദ്ദേശിച്ചിട്ടില്ലാത്ത അശാസ്ത്രീയ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചതിന് ബാബ രാം ദേവിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more