ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വലിയ വിശ്വാസപാത്രമാണ് വിന്‍ഡീസിന്റെ സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍. മധ്യനിരയുടെ കരുത്തായ താരം ഡെത്ത് ഓവറിലടക്കം ആഞ്ഞടിച്ചും ഫിനിഷറുടെ റോള്‍ ഗംഭീരമാക്കിയുമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ കരുത്താകുന്നത്.
ഇപ്പോഴിതാ, രാജസ്ഥാന്‍ ക്യാമ്പ് വിട്ട് വിന്‍ഡീസിലെ സ്വന്തം നാടായ ഗയാനയിലേക്ക് മടങ്ങിയിരിക്കുകയാണ് ഹെറ്റ്‌മെയര്‍. തന്റെ ആദ്യ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ടാണ് താരം ടീമിന്റെ ബയോ ബബിള്‍ വിട്ട് പുറത്തിറങ്ങിയിരിക്കുന്നത്.
താരം സ്വന്തം നാട്ടിലേക്ക് പോവുകയാണെന്നും എന്നാല്‍ ഉടന്‍ തന്നെ മടങ്ങിയെത്തുമെന്നും രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയില്‍ പറയുന്നുണ്ട്.
‘ഇന്ന് പുലര്‍ച്ചെ ഷിംറോണ്‍ ഹെറ്റ്മെയര്‍ ഗയാനയിലേക്ക് പോയിരിക്കുകയാണ്. തന്റെ ആദ്യ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ടാണ് ഹെറ്റമെയര്‍ നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ അവന്‍ ഉടന്‍ തന്നെ മടങ്ങിയെത്തും’ രാജസ്ഥാന്‍ റോയല്‍സ് അറിയിച്ചു.
ജീവിതത്തില്‍ ഇടയ്ക്ക് മാത്രം സംഭവിക്കുന്ന കാര്യമാണ് കുട്ടിയുടെ ജനനമെന്നും അതിനാലാണ് താന്‍ അടിയന്തരമായി നാട്ടിലേക്ക് മടങ്ങുന്നതെന്നും വീഡിയോയില്‍ ഹെറ്റ്മെയര്‍ പറയുന്നുണ്ട്. ഉടന്‍ തന്നെ തിരിച്ചെത്തുമെന്നും അദ്ദേഹം ആരാധകരോട് വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, രാജസ്ഥാന്‍ റോയല്‍സിനെ ഇത് എത്രകണ്ട് ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. ഹെറ്റ്‌മെയറിന് പകരക്കാരനായി ഒരാളെ സ്‌ക്വാഡിനുള്ളില്‍ നിന്നുതന്നെ കണ്ടെത്തുക എന്നത് സഞ്ജുവിനെയും സംഗക്കാരയേയും സംബന്ധിച്ച് ഏറെ ശ്രമകരമായിരിക്കും.
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എത്ര പെട്ടന്നെ് തന്നെ തിരിച്ചെത്തിയാലും ടീമിനൊപ്പം ചേരാന്‍ സാധിക്കില്ല. ടീമിന്റെ ബയോ ബബിളില്‍ നിന്നും പുറത്തായതോടെ തിരിച്ചെത്തിയതിന് ശേഷം താരം ക്വാറന്റൈനിലും പ്രവേശിക്കേണ്ടി വരും.
നിര്‍ബന്ധിത ക്വാറന്റൈന്‍ അവസാനിച്ച ശേഷമേ താരത്തിന് ടീമിനൊപ്പം ചേരാന്‍ സാധിക്കൂ. ദല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനുള്ളില്‍ നേരത്തെയുണ്ടായ അനുഭവം കണക്കിലെടുത്ത് സുരക്ഷാ മുന്നൊരുക്കങ്ങള്‍ അധികൃതര്‍ ശക്തമാക്കുമെന്നുറപ്പാണ്.
കഴിഞ്ഞ ദിവസം പഞ്ചാബിനെതിരെ നടന്ന മത്സരത്തിലും ഹെറ്റി തന്റെ സ്‌ഫോടനാത്മകമായ ഇന്നിംഗ്‌സ് പുറത്തെടുത്തിരുന്നു. താരം പോവുന്നതോടെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ എങ്ങനെ ബാധിക്കും എന്ന ആശങ്കയിലാണ് ആരാധകര്‍.