| Sunday, 29th May 2022, 11:18 am

''13 സീസണിന്റെ കാത്തിരിപ്പാണ്'';ആദ്യ സീസണിലെ ഓര്‍മകള്‍ പുതുക്കി റോയല്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ന് നടക്കുന്ന ഐ.പി.എല്‍ ഫൈനലിന് മുമ്പ് പഴയ ഓാര്‍മകള്‍ പുതുക്കി രാജസ്ഥാന്‍ റോയല്‍സ്. ഐ.പി.എല്ലിലെ പ്രഥമ സീസണിലെ ജേതാക്കള്‍ രാജസ്ഥാന്‍ റോയല്‍സായിരുന്നു.

പിന്നീടുള്ള 13 സീസണുകളില്‍ ഫൈനലില്‍ പ്രവേശിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ സഞ്ജു സാംസന്റെ കീഴില്‍ ഫൈനല്‍ വരെ എത്തിയിരിക്കുകയാണ് ടീം. ഹര്‍ദിക്ക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സാണ് ഫൈനലില്‍ രാജസ്ഥാന്റെ എതിരാളികള്‍.

ഫൈനലിന് മുമ്പ് ടീമിനെ പ്രചോദിപ്പിക്കാന്‍ എന്ന നിലയിലാണ് രാജസ്ഥാന്‍ പഴയ ഓര്‍മകള്‍ അയവിറക്കിയത്. 2008ല്‍ നേടിയ ട്രോഫിയുമായി നില്‍ക്കുന്ന ടീമിന്റെ ഫോട്ടൊയാണ് രാജസ്ഥാന്‍ ട്വീറ്ററില്‍ പങ്കുവെച്ചത്.

ഓസീസ് ഇതിഹാസമായിരുന്ന ഷെയ്ന്‍ വോണാണ് ട്രോഫിയുമായി നടുക്ക് നില്‍ക്കുന്നത്. രാജസ്ഥാന്റെ ആദ്യ ക്യാപ്റ്റനായിരുന്നു വോണ്‍. റോയല്‍സിന്റെ ഒരേ ഒരു കിരീടവും വോണിന്റെ കീഴിലായിരുന്നു.

ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു വോണ്‍ ലോകത്തോട് വിട പറഞ്ഞത്. ആദ്യത്തെ റോയലായ വോണിന് വേണ്ടിയായിയരുന്നു രാജസ്ഥാന്‍ ഈ സീസണില്‍ കളിച്ചത്. വോണിന് വേണ്ടി ഈ കൊല്ലത്തെ കിരീടം രാജസ്ഥാന്‍ നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയുള്ള രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ കാണികളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ഫ്‌ളെക്‌സ്‌ബോര്‍ഡുകള്‍ ഷെയിന്‍ വോണിന് വേണ്ടിയുള്ളതായിരുന്നു. ഇതില്‍ നിന്നും വോണിനോടുള്ള രാജസ്ഥാന്‍ ആരാധകരുടെ കടപ്പാട് മനസിലാക്കാം.

ആര്‍.സി.ബി.യെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് രാജസ്ഥാന്‍ ഫൈനലിലേക്ക് പ്രവേശിച്ചത്. ആദ്യ ക്വാളിഫയരില്‍ ഗുജറാത്തിനോട് ഏഴ് വിക്കറ്റിന് തോറ്റെങ്കിലും രണ്ടാം പ്ലേ ഓഫില്‍ മികച്ച തിരിച്ചുവരവായിരുന്നു റോയല്‍സ് നടത്തിയത്.

കരിയറിലെ പീക്ക് ഫോമില്‍ നില്‍ക്കുന്ന ജോസ് ബട്‌ലറും, ക്യാപ്റ്റന്‍ സഞ്ജു, ശിമ്‌റോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരാണ് രാജസ്ഥാന്റെ ബാറ്റിംഗ് കുന്തമുനകള്‍.

ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, പ്രസീദ് ക്രിഷ്ണ, ട്രന്റ് ബോള്‍ട്, ഒബെദ് മക്കോയ് എന്നിവരടങ്ങിയ ബൗളിംഗ് നിരയും അവസരത്തിനൊത്തുയരുമ്പോള്‍ രാജസ്ഥാന്‍ മികച്ച ടീമാകുന്നു.

എതിര്‍ ടീമായ ഗുജറാത്തു ശക്തരായതുകെണ്ട് തന്നെ ഇന്നത്തെ ഫൈനല്‍ ആവേശകരമാകുമെന്ന് ഉറപ്പ്.

Content Highlights: Rajasthan Royals shared an old memory in twitter

We use cookies to give you the best possible experience. Learn more