ജയ്പൂർ: ജയ്പൂർ വിമാനത്താവളത്തിലെ സുരക്ഷാ സ്‌ക്രീനിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഡ്യൂട്ടിയിലായിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ തല്ലി സ്‌പൈസ് ജെറ്റ് ജീവനക്കാരി. സംഭവത്തിൽ ഇവർക്കെതിരെ പൊലീസ് കേസെടുത്തു.
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ മോശമായ ഭാഷ ഉപയോഗിച്ചെന്നും ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ തന്നെ കാണാൻ വരാൻ ആവശ്യപ്പെട്ടെന്നും സ്പൈസ് ജെറ്റ് ജീവനക്കാരി പറഞ്ഞു. ആരോപണങ്ങൾ നിരസിച്ച സി.ഐ.എസ്.എഫ് തങ്ങളുടെ ഉദ്യോഗസ്ഥൻ തൻ്റെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞു.
എയർപോർട്ട് കവാടങ്ങളിലൊന്നിൽ പുലർച്ചെ 4.30 ഓടെയാണ് സംഭവം നടന്നതെന്ന് എയർപോർട്ട് ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌പൈസ് ജെറ്റ് ക്രൂ അംഗത്തോട് സ്‌ക്രീനിങ്ങിന് വിധേയയാകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വനിതാ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ല.
വനിതാ ഉദ്യാഗസ്ഥരുടെ അഭാവം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൈയേറ്റത്തിലേക്ക് നയിച്ചത്.
യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൊഴി എടുത്തിട്ടുണ്ടെന്നും ഡി.സി.പി കവേന്ദ്ര സിങ് പറഞ്ഞു. യുവതിയും പരാതി നൽകിയിട്ടുണ്ട്. ‘ഞങ്ങൾ വസ്തുതകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, തുടർന്ന് ഉചിതമായ നടപടി സ്വീകരിക്കും,’ കവേന്ദ്ര സിങ് പറഞ്ഞു.
അതേസമയം വനിതാ ജീവനക്കാരിക്കെതിരെ മോശമായി പെരുമാറിയ കേസിൽ നിയമനടപടി സ്വീകരിക്കുമെന്നും ലോക്കൽ പൊലീസിനോട് സംസാരിച്ചിട്ടുണ്ടെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. ‘ഞങ്ങൾ ഞങ്ങളുടെ വനിതാ സ്റ്റാഫിനൊപ്പം നിൽക്കുന്നു, ഈ കേസിൽ അവരെ പൂർണമായും പിന്തുണക്കുകയും സഹായിക്കുകയും ചെയ്യും,’ സ്‌പൈസ് ജെറ്റ് വ്യക്തമാക്കി.