| Wednesday, 22nd July 2020, 10:10 am

വിട്ടുകൊടുക്കാതെ കോണ്‍ഗ്രസ്; രാജസ്ഥാന്‍ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന് സ്പീക്കര്‍ സി.പി ജോഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. സച്ചിന്‍ പൈലറ്റിനും 18 എം.എല്‍.എമാര്‍ക്കുമെതിരെയുള്ള നടപടി നീട്ടിവെക്കാനുള്ള രാജസ്ഥാന്‍ ഹൈക്കോടതിയുടെ തീരുമാനം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി രാജസ്ഥാന്‍ സ്പീക്കര്‍ സി.പി ജോഷി.

” സുപ്രീംകോടതിയില്‍ ഹൈക്കോടതിയുടെ കാലതാമസവും ഇടപെടലും സ്പീക്കര്‍ ചോദ്യം ചെയ്യും. കൂറുമാറ്റ വിരുദ്ധതയെക്കുറിച്ച് തീരുമാനിക്കാന്‍ സ്പീക്കറിന് മാത്രമേ കഴിയൂ എന്ന് സുപ്രീംകോടതി നന്നായി നിര്‍വചിച്ചിരിക്കുന്നു. നോട്ടീസ് അയയ്ക്കാന്‍ സ്പീക്കറിന് പൂര്‍ണ അധികാരമുണ്ട്, ”സി.പി ജോഷി മാധ്യമങ്ങളോട് പറഞ്ഞു.

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനും കൂടെയുള്ള എം.എല്‍.എമാര്‍ക്കുമെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ചൊവ്വാഴ്ച സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സച്ചിന്‍ പൈലറ്റും 18 എം.എല്‍.എമാരും നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

അംഗങ്ങളെ അയോഗ്യരാക്കുന്നതില്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വി കോടതിയില്‍ വാദിച്ചിരുന്നെങ്കിലും അയോഗ്യത നടപടികള്‍ ആരംഭിക്കാനുള്ള സ്പീക്കറുടെ തീരുമാനം നീട്ടിവെക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത് രണ്ടാമത്തെ തവണയാണ് നടപടി നീട്ടിവെക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, സച്ചിനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിക്കാന്‍ ഉന്നതതലത്തില്‍ സര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.

കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തയ്യാറാണെങ്കില്‍ സംരക്ഷണമൊരുക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക സച്ചിനെ ഫോണില്‍ വിളിച്ചറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more