ജയ്പൂര്‍: സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ പ്രേതബാധയുണ്ടെന്ന് രാജസ്ഥാന്‍ എം.എല്‍.എമാര്‍. പ്രേതങ്ങളെ ഒഴിപ്പിക്കാന്‍ പൂജ നടത്തണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
ആറുമാസത്തിനിടെ രണ്ട് എം.എല്‍.എമാര്‍ മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്നാണ് മറ്റ് എം.എല്‍.എമാര്‍ പ്രേതബാധ ആരോപിക്കുന്നത്. സെക്രട്ടേറിയറ്റ് മന്ദിരം നില്‍ക്കുന്ന സ്ഥലം മുമ്പ് ശ്മശാനമായിരുന്നുവെന്നും ഗതികിട്ടാത്ത ആത്മാക്കള്‍ ഇവിടെ ചുറ്റിക്കറങ്ങുന്നുണ്ടാവുമെന്നുമാണ് എം.എല്‍.എമാരുടെ വാദം.
നഥ്ഡ്വാര എം.എല്‍.എ കല്യാണ്‍ സിങും മംഗളഗഢ് എം.എല്‍.എ കീര്‍ത്തി കുമാരിയുമാണ് ഈയടുത്ത് മരിച്ചത്.
2001 ലാണ് ഇവിടെ സെക്രട്ടേറിയറ്റ് മന്ദിരം നിര്‍മിച്ചത്. ഇതിന് സമീപത്തായി ഒരു ശ്മശാനമുണ്ടായിരുന്നു. ആ സ്ഥലവും സെക്രട്ടേറിയറ്റ് മന്ദിരത്തിനായി ഏറ്റെടുത്തിരുന്നു.
ആത്മാക്കളെ ഒഴിപ്പിക്കാന്‍ യാഗവും പൂജയും മറ്റ് ഒഴിപ്പിക്കല്‍ ചടങ്ങുകളും നടത്തണമെന്ന് മുഖ്യമന്ത്രിയോടും സ്പീക്കറോടും ആവശ്യപ്പെട്ടതായി ചീഫ് വിപ്പ് ഗുര്‍ജാര്‍ അറിയിച്ചു.
അതേസമയം എം.എല്‍.എമാരുടെ പരാമര്‍ശം അന്ധവിശ്വാസം പ്രചരിപ്പിക്കാനേ ഉപകരിക്കൂവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.