ഫാന്‍ ഫേവറേറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഐ.പി.എല്ലില്‍ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. പുതിയ സീസണില്‍ ആദ്യ വിജയമാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും കൊല്‍ക്കത്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടും തോറ്റിരുന്നു.
മലയാളി താരം സഞ്ജു സാംസണിന് പകരം യുവതാരം റിയാന്‍ പരാഗിന്റെ കീഴിലാണ് ഇന്നും രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങുക. രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ ടീമിനെ നയിക്കില്ല എന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു. വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനുമുള്ള ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്സലന്‍സ് (എന്‍.സി.എ) ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഈ മത്സരത്തിലും സഞ്ജു ഇംപാക്ട് പ്ലെയറായാകും ഇറങ്ങുക.
സീസണിലെ ആദ്യ ഹോം മത്സരത്തിനാണ് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്. കൊല്‍ക്കത്തക്കെതിരെ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ യുവതാരം യശസ്വി ജെയ്സ്വാളിന് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ അവസരം. ടി 20 ക്രിക്കറ്റില്‍ 3000 റണ്‍സ് എന്ന നാഴികക്കല്ലാണ് യുവതാരത്തിനെ കാത്തിരിക്കുന്നത്. മത്സരത്തില്‍ 21 റണ്‍സ് നേടാനായാല്‍ ജെയ്സ്വാളിന് ഈ നേട്ടം കരസ്ഥമാക്കാനാവും.
നിലവില്‍ ടി20യില്‍ 105 മത്സരങ്ങളില്‍ നിന്നായി 2979 റണ്‍സെടുത്തിട്ടുണ്ട് ജെയ്സ്വാള്‍. 31.35 ശരാശരിയിലും 149.92 സ്‌ട്രൈക്ക് റേറ്റിലുമാണ് രാജസ്ഥാന്‍ ഓപ്പണര്‍ ഈ റണ്‍സെടുത്തത്. ജെയ്സ്വാളിന്റെ പേരില്‍ ഈ ഫോര്‍മാറ്റില്‍ മൂന്ന് സെഞ്ച്വറികളും 17 അര്‍ധ സെഞ്ച്വറിയുമുണ്ട്.
ഈ മത്സരത്തില്‍ തന്നെ താരത്തിന് മറ്റൊരു ഒരു നേട്ടം കൂടെ നേടാന്‍ അവസരമുണ്ട്. കളിയില്‍ രണ്ട് ഫോറുകള്‍ അടിക്കാനായാല്‍ ഐ.പി.എല്ലില്‍ 200 ഫോറുകള്‍ നേടാനും താരത്തിന് സാധിക്കും. ഇതുവരെ 54 മത്സരങ്ങളില്‍ നിന്ന് 198 ഫോറുകളാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയിട്ടുള്ളത്.
അതേസമയം, സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ജെയ്സ്വാള്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 21 പന്തില്‍ 42 റണ്‍സാണ് താരം നേടിയത്. നാല് ഫോറും മൂന്ന് സിക്‌സുമടങ്ങിയ ഇന്നിങ്‌സില്‍ 200 സ്‌ട്രൈക്ക് റേറ്റിലാണ് ജെയ്സ്വാള്‍ ബാറ്റ് ചെയ്തത്.
CONTENT HIGHLIGHTS: Rajasthan second battle today; Jaiswal will enter the field aiming for this achievement