ന്യൂദല്‍ഹി: രാജസ്ഥാന്‍ മന്ത്രിസഭയിലെ പുനസംഘടനയുടെ ഭാഗമായി 15 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകുന്നേരം നാല് മണിക്ക് രാജ്ഭവനില്‍ലായിരിക്കും സത്യപ്രതിജ്ഞ. മുഖ്യമന്ത്രി അശോക് ഗെലോട്ടിനും സച്ചിന്‍ പൈലറ്റിനും ഇടയിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിസഭാ പുനസംഘടന നടത്തുന്നത്.
പഞ്ചാബിലെ ആഭ്യന്തരത്തര്‍ക്കങ്ങളെ തുടര്‍ന്ന് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയത് പോലെയുള്ള സംഭവങ്ങള്‍ രാജസ്ഥാനില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം.
2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ ആഭ്യന്തരതര്‍ക്കങ്ങള്‍ തിരിച്ചടിയാവാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ് മന്ത്രിസഭാപുനസംഘടന. സച്ചിന്‍ പക്ഷത്തെ 5 എം.എല്‍.എമാരുള്‍പ്പെടെ 12 പുതുമുഖങ്ങള്‍ മന്ത്രിസഭയിലുണ്ടാവും. സച്ചിന്‍ പൈലറ്റിനോട് കൂറ് പുലര്‍ത്തുന്ന എം.എല്‍.എമാരായ ഹേമാറാം ചൗധരി, വിശ്വവേന്ദ്ര സിങ്, മുരാരി ലാല്‍ മീന, രമേശ് മീണ, ബ്രിജേന്ദ്ര ഒല എന്നിവര്‍ മന്ത്രി സഭയില്‍ ഇടംപിടിക്കും.
കഴിഞ്ഞ വര്‍ഷം സച്ചിന്‍ പൈലറ്റിനോടൊപ്പം പുറത്താക്കപ്പെട്ട കാബിനറ്റ് മന്ത്രിമാരായിരുന്നു വിശ്വവേന്ദ്ര സിങും രമേശ് മീണയും. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന 15 എം.എല്‍എമാരുടെ പട്ടിക രാജസ്ഥാന്‍ കോണ്‍ഗ്രസ് ഘടകം മേധാവി ഗോവിന്ദ് സിങ് ദോതസ്ര പുറത്തു വിട്ടിരുന്നു.
പുതിയ മന്ത്രിസഭയില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള നാല് അംഗങ്ങളും ഉണ്ടാവും. ഇവര്‍ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തപ്പെടും. ഇതിനു പുറമേ പട്ടിക വര്‍ഘ വിഭാഗത്തില്‍ നിന്നുമുള്ള മൂന്ന് പേരും മുസ്‌ലിം, ദളിത്, ഗുജ്ജര്‍ വിഭാഗങ്ങലില്‍ നിന്നുള്ള മൂന്ന് സ്ത്രീകളും മന്ത്രിസഭയിലുണ്ടാവും.
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി അശോക് ഗെലോട്ടുമായും സച്ചിന്‍ പൈലറ്റുമായും കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു വര്‍ഷത്തോളമായി സച്ചിന്‍ പൈലറ്റ് മന്ത്രിസഭ പുനഃസംഘടന ആവശ്യപ്പെടുന്നുണ്ട്.
സച്ചിന്‍ പൈലറ്റ് പക്ഷക്കാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ വിമുഖതയുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ സോണിയ ഗാന്ധിയുമായും ഗെലോട്ട് കൂടിക്കാഴ്ച നടത്തി. നിലവില്‍ മുഖ്യമന്ത്രി അടക്കം ഗെലോട്ട് മന്ത്രിസഭയില്‍ 21 പേരാണുള്ളത്. പുനസംഘടനയോടെ ഇത് 30 ആവും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: rajasthan-sachin-pilot-loyalists-ashok-gehlot-cabinet