കുറുക്കുവഴിയില്‍ പ്ലേ ഓഫിലെത്താമെന്ന രാജസ്ഥാന്‍ മോഹം പൊലിഞ്ഞു; കണക്കുകള്‍ മാറിമറിഞ്ഞ് ഐ.പി.എല്‍ പ്രാഥമിക ഘട്ടം
Cricket news
കുറുക്കുവഴിയില്‍ പ്ലേ ഓഫിലെത്താമെന്ന രാജസ്ഥാന്‍ മോഹം പൊലിഞ്ഞു; കണക്കുകള്‍ മാറിമറിഞ്ഞ് ഐ.പി.എല്‍ പ്രാഥമിക ഘട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st May 2023, 8:31 pm

വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്ലിലെ പ്ലേ ഓഫ് സാധ്യത ശക്തിപ്പെടുത്തിയിരിക്കുകയാണ്. വാംഖഡെ സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഹൈദാരാബാദിനെതിരെ മുംബൈ വിജയിച്ചത്.

ഇപ്പോള്‍ നടക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ആര്‍.സി.ബി പരാജയപ്പെട്ടാല്‍ മുംബൈക്ക് പ്ലേ ഓഫിലെത്താം. 14 മത്സരങ്ങളില്‍ എട്ട് വിജയവും ആറ് തോല്‍വിയുമായി മുംബൈക്ക് 16 പോയിന്റാണുള്ളത്.

മുംബൈ വിജയിച്ചതോടെ നേരത്തെ നേരിയ സാധ്യതയുണ്ടായിരുന്ന രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്ലില്‍ നിന്ന് പുറത്തായി. 14 മത്സരങ്ങളില്‍ ഏഴ് വിജയവും ഏഴ് തോല്‍വിയുമായി 14 പോയിന്റുള്ള രാജസ്ഥാന്‍ ടേബിളില്‍ ആറാമതാകാനും സാധ്യതയുണ്ട്.

അതേസമയം, മുംബൈക്കെതിരെ ആദ്യം ബാറ്റിങ്ങിനെത്തിയ ഹൈദരാബാദ് മികച്ച പ്രകടമനണ് നടത്തിയത്. നിശ്ചിത ഓവറില്‍ 200 റണ്‍സെടുക്കാന്‍ ടീമിനായി. മായങ്ക് അഗര്‍വാള്‍(46 പന്തില്‍ 83), വിവ്രാന്ദ് ശര്‍മ(47 പന്തില്‍ 69) എന്നിവരുടെ ഇന്നിംങ്‌സാണ് ഹൈദരാബാദിന് തുണയായത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കാമറൂണ്‍ ഗ്രീന്‍(100), നായകന്‍ രോഹിത് ശര്‍മ(56) എന്നിവരുടെ ഇന്നിങ്‌സാണ് മുംബൈ ബാറ്റിങ് നിരയെ നയിച്ചത്.