ഐ.പി.എല്‍ 2023ലെ 37ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് ഗംഭീര തുടക്കമാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് നല്‍കിയത്.
മത്സരത്തിലെ ആദ്യ പന്ത് മുതല്‍ക്കുതന്നെ അറ്റാക്ക് ചെയ്ത രാജസ്ഥാന്‍ ഓപ്പണര്‍മാര്‍ സിക്‌സറും ബൗണ്ടറികളുമായി എസ്.എം.എസ് നിറഞ്ഞു കളിച്ചു.
ആകാശ് സിങ് എറിഞ്ഞ ആദ്യ ഓവറില്‍ 14 റണ്‍സ് പിറന്നപ്പോള്‍ തുഷാര്‍ ദേശ്പാണ്ഡേയെറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം പത്ത് റണ്‍സാണ് പിറന്നത്. മൂന്നാം ഓവര്‍ പിന്നിടുമ്പോഴേക്കും സ്‌കോര്‍ബോര്‍ഡില്‍ 42 റണ്‍സാണ് ബട്‌ലറും ജെയ്‌സ്വാളും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.
അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ദേശ്പാണ്ഡേയെ സിക്‌സറിന് പറത്തി അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് തികച്ച ജെയ്‌സ്വാളും ബട്‌ലറും വെടിക്കെട്ടിന് ഫുള്‍ സ്റ്റോപ്പിട്ടില്ല.
ഒടുവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 64 റണ്‍സാണ് ഹോം ടീം അടിച്ചുകൂട്ടിയത്.
ഇതിനിടെ മഹീഷ് തീക്ഷണയുടെ പന്തില്‍ ജെയ്‌സ്വാളിനെതിരെ ഡി.ആര്‍.എസ് എടുത്ത് ധോണിക്ക് പിഴച്ചിരുന്നു. എല്‍.ബി.ഡബ്ല്യൂവിനായി ഡി.ആര്‍.എസ്. എടുത്തെങ്കിലും പന്ത് ലെഗ് സ്റ്റംപിന് വെളിയില്‍ പിച്ച് ചെയ്യുകയാണെന്ന് കണ്ട തേര്‍ഡ് അമ്പയര്‍ അപ്പീല്‍ നിഷേധിക്കുകയായിരുന്നു.
അതേസമയം, നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 90 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് രാജസ്ഥാന്‍ റോയല്‍സ്. 21 പന്തില്‍ നിന്നും 27 റണ്‍സ് നേടിയ ബട്‌ലറിന്റെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്.
അര്‍ധ സെഞ്ച്വറി നേടിയ ജെയ്‌സ്വാളും ക്യാപ്റ്റന്‍ സഞ്ജുവുമാണ് രാജസ്ഥാനായി ക്രീസില്‍. 30 പന്തില്‍ നിന്നും ജെയ്‌സ്വാള്‍ 54 റണ്‍സ് നേടിയപ്പോള്‍ മൂന്ന് പന്തില്‍ നിന്നും രണ്ട് റണ്‍സുമായാണ് സഞ്ജു ക്രീസില്‍ നില്‍ക്കുന്നത്.
Content highlight: Rajasthan Royals with brilliant start against CSK