ഐ.പി.എല്‍ 2023ലെ 51ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ പടുകൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്ത് രാജസ്ഥാന്‍ റോയല്‍സ്. സ്വന്തം മണ്ണില്‍ 214 റണ്‍സിന്റെ ടോട്ടലാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ സഞ്ജുവിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഓപ്പണര്‍മാര്‍ കാഴ്ചവെച്ചത്. ആദ്യ വിക്കറ്റില്‍ 54 റണ്‍സാണ് ജെയ്‌സ്വാളും ബട്‌ലറും സ്വന്തമാക്കിയത്.
ജെയ്‌സ്വാളിന്റെ വിക്കറ്റാണ് റോയല്‍സിന് ആദ്യം നഷ്ടമായത്. 18 പന്തില്‍ നിന്നും 35 റണ്‍സ് നേടിയാണ് താരം പുറത്തായത്.
ജെയ്‌സ്വാള്‍ പുറത്താകും വരെ പതുങ്ങിക്കളിച്ച ബട്‌ലര്‍ സഞ്ജുവിനൊപ്പം ചേര്‍ന്നതോടെ ഗിയര്‍ മാറ്റുന്ന കാഴ്ചയായിരുന്നു എസ്.എം.എസ് കണ്ടത്. ഒരുവേള 20 പന്തില്‍ നിന്നും 20 റണ്‍സ് മാത്രം നേടിയ ബട്‌ലര്‍ തുടര്‍ന്നങ്ങോട്ട് ബൗണ്ടറികളുമായി കളം നിറഞ്ഞാടുകയായിരുന്നു.
59 പന്തില്‍ നിന്നും 95 റണ്‍സാണ് ബട്‌ലര്‍ നേടിയത്. പത്ത് ബൗണ്ടറിയും നാല് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഒരുവശത്ത് നിന്നും ബട്‌ലര്‍ അടി തുടങ്ങിയപ്പോള്‍ മറുവശത്ത് നിന്ന് സഞ്ജുവും വെടിക്കെട്ട് നടത്തി. നാല് ബൗണ്ടറിയും അഞ്ച് പടുകൂറ്റന്‍ സിക്‌സറുകളടക്കം 38 പന്തില്‍ നിന്നും പുറത്താവാതെ 66 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 173.68 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.
സാംസണ്‍ വീണ്ടും സാംസണെ പോലെ കളിച്ചുവെന്നാണ് താരത്തിന്റെ വെടിക്കെട്ടിന് പിന്നാലെ കമന്റേറ്റര്‍മാര്‍ അഭിപ്രായപ്പെട്ടത്.
മൂവരുടെയും വെടിക്കെട്ടിന്റെ ബലത്തിലാണ് രാജസ്ഥാന്‍ 214 എന്ന സ്‌കോറിലെത്തിയത്. രാജസ്ഥാന്റെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
നാല് ഓവര്‍ പന്തെറിഞ്ഞ് 44 റണ്‍സ് വഴങ്ങിയ ഭുവനേശ്വറും അത്ര തന്നെ ഓവറില്‍ അത്ര തന്നെ റണ്‍സ് വഴങ്ങിയ മാര്‍കോ യാന്‍സെനുമാണ് ഓറഞ്ച് ആര്‍മിക്കായി വിക്കറ്റ് നേടിയത്.
Content Highlight: Rajasthan Royals with brilliant innings against SunRisers Hyderabad