| Wednesday, 15th June 2022, 10:42 am

നമ്മളിപ്പോഴും ഫ്രണ്ട്‌സ് തന്നെ അല്ലേടാ; ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം മത്സരത്തിന് പിന്നാലെ ട്രോളുമായി രാജസ്ഥാന്‍ റോയല്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചതിന് പിന്നാലെ ട്രോളുമായി രാജസ്ഥാന്‍ റോയല്‍സ്. പരമ്പര കൈവിട്ടുപോവാതിരിക്കാന്‍ ജയം മാത്രം സ്വപ്‌നം കണ്ടിറങ്ങിയ ഇന്ത്യ അര്‍ഹിച്ച വിജയമാണ് വിശാഖപട്ടണത്തില്‍ നിന്നും സ്വന്തമാക്കിയത്.

വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് ബൗളര്‍മാര്‍ വിജയം സമ്മാനിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഒന്നിനൊന്ന് പരാജയപ്പെട്ട ബൗളര്‍മാരെല്ലാം തിളങ്ങിയതോടെ പരമ്പരയിലെ ആദ്യ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

48 റണ്‍സിനാണ് ഇന്ത്യ പ്രോട്ടീസിനെ തകര്‍ത്തെറിഞ്ഞത്. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. എങ്കിലും 2-1ന് സൗത്ത് ആഫ്രിക്ക തന്നെയാണ് പരമ്പരയില്‍ മുമ്പില്‍.

ഇന്ത്യയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ യൂസ്വേന്ദ്ര ചഹലുമായണ് പ്രോട്ടീസ് ബാറ്റര്‍മാരെ എറിഞ്ഞിട്ടത്.

3.1 ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. ചഹലാകട്ടെ നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. അക്സര്‍ പട്ടേലും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കായി 29 റണ്‍സെടുത്ത ക്ലാസനാണ് ടോപ് സ്‌കോറര്‍. ഹെന്റിക്സ് 23ും പ്രിറ്റോറിയസ് 20ഉം പാര്‍നെല്‍ പുറത്താവാതെ 22ഉം റണ്‍സെടുത്തു. മറ്റാര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല.

ഇതിന് പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ക്ലാസിക് ട്രോളുമായി എത്തിയത്. രാജസ്ഥാന്‍ താരങ്ങളായ യുസ്വേന്ദ്ര ചഹലിനെയും റാസി വാന്‍ ഡെര്‍ ഡുസെനെയും ഉള്‍പ്പെടുത്തിയായിരുന്നു ട്രോള്‍.

വാന്‍ ഡെര്‍ ഡുസനോട് ‘ റാസി… നമ്മളിപ്പോഴും കൂട്ടുകാര്‍ തന്നെയാണ്, ഓ.കെ?’ എന്ന് ചോദിക്കുന്ന ചഹലിനെയാണ് ട്രോള്‍ രൂപത്തില്‍ രാജസ്ഥാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

വാന്‍ ഡെര്‍ ഡുസനെ പുറത്താക്കിയത് ചഹലായിരുന്നു. നാല് പന്തില്‍ ഒരു റണ്‍സ് മാത്രം എടുത്തുനില്‍ക്കവെ താരത്തിനെ റിഷബ് പന്തിന്റെ കൈകളിലെത്തിച്ചാണ് ചഹല്‍ മടക്കിയത്.

അനിവാര്യമായ വിക്കറ്റായിരുന്നു ചഹല്‍ ഇന്ത്യയ്ക്കായി സ്വന്തമാക്കിയത്. ഒരുപക്ഷേ ഡുസെന്‍ ക്രീസില്‍ നിലയുറപ്പിച്ചിരുന്നുവെങ്കില്‍ മത്സരം ഇന്ത്യയുടെ കൈവിട്ടുപോയേനെ.

ഡുസനടക്കം മൂന്ന് പേരാണ് ചഹലിന്റെ ‘കുത്തിത്തിരുപ്പില്‍’ വീണുപോയത്. കഴിഞ്ഞ മത്സരത്തില്‍ തന്നെ പഞ്ഞിക്കിട്ട ക്ലാസനേയും പ്രിട്ടോറിയസിനെയുമാണ് ചഹല്‍ പവലിയനിലേക്ക് മടക്കിയത്.

രണ്ട് മത്സരങ്ങളാണ് പരമ്പരയില്‍ അവശേഷിക്കുന്നത്. രാജ്കോട്ടിലും ബെംഗളുരുവിലുമാണ് ഇനിയുളള മത്സരങ്ങള്‍.

Content Highlight: Rajasthan Royals with a new troll after India defeats South Africa in 3rd T20

Latest Stories

We use cookies to give you the best possible experience. Learn more