സഞ്ജുവിന്റെ തട്ടകത്തിലേക്ക് മുന്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍; ഐ.പി.എല്‍ 2025ല്‍ നിര്‍ണായക നീക്കവുമായി റോയല്‍സ്
Sports News
സഞ്ജുവിന്റെ തട്ടകത്തിലേക്ക് മുന്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍; ഐ.പി.എല്‍ 2025ല്‍ നിര്‍ണായക നീക്കവുമായി റോയല്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd July 2024, 12:18 pm

സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി 2024 ടി-20 ലോകകപ്പില്‍ ഇന്ത്യ ഐതിഹാസികമായ വിജയമാണ് സ്വന്തമാക്കിയത്. ശേഷം കാലാവധി കഴിഞ്ഞതോടെ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് പിന്‍മാറിയിരുന്നു.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാഹുല്‍ ദ്രാവിഡ് വരുന്ന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനായി എത്തുമെന്നാണ് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നത്.

രാജസ്ഥാന്‍ ടീമിന്റെ മുന്‍ നായകനുമായ ദ്രാവിഡ് ഫ്രാഞ്ചൈസിയുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു. ദ്രാവിഡ് മുമ്പ് രാജസ്ഥാന്റെ ഉപദേശകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ പരിശീലകനും ഡയറക്ടറുമായ കുമാര്‍ സംഗക്കാരയുടെ റോള്‍ അനിശ്ചിതത്വത്തിലാവാനും സാധ്യതയുണ്ട്.

‘രാജസ്ഥാന്‍ റോയല്‍സും ദ്രാവിഡും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നു, ഇതുമായി ബന്ധപ്പെട്ട ഒരു പ്രഖ്യാപനം ഉടനെയുണ്ടാകും,’ വിശ്വസനീയമായ ഒരു ഉറവിടം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അതേസമയം 2024 ഐ.പി.എല്ലില്‍ നോക്കൗട്ട് സ്‌റ്റേജില്‍ സണ്‍ റൈസേഴ്‌സ് ഹൈദരബാദിനോട് പരജയപ്പെട്ടാണ് പുറത്താത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് രാജസ്ഥാന് നേടാന്‍ സാധിച്ചത്.

മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ മിന്നും പ്രകടനമായിരുന്നു തുടക്കത്തില്‍ കാഴ്ചവെച്ചത്. എന്നാല്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ ടീമിന്റെ കിരീടത്തിലേക്കുള്ള യാത്ര അവസാനിപ്പിക്കുകയായിരുന്നു.

ദ്രാവിഡുമായുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ ടീമിന്റെ പുതിയ പരിശീലകനായി ദ്രാവിഡ് എത്തുമെന്നത് ഉറക്കാണ്. മാത്രമല്ല സഞ്ജു സാംസണിനേടും രാജസ്ഥാന്‍ ടീമിനോടും മുന്‍ താരത്തിന് പ്രത്യേക അടുപ്പമുണ്ട്.

 

Content Highlight: Rajasthan Royals with a decisive move in IPL 2025