| Friday, 21st April 2023, 11:19 am

രാജസ്ഥാന്‍ റോയല്‍സില്‍ വമ്പന്‍ അഴിച്ചുപണി; 2008ന് ശേഷമുള്ള കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ കച്ചകെട്ടിയൊരുങ്ങി സഞ്ജുവും പിള്ളേരും

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനം ആവര്‍ത്തിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. 2008ന് ശേഷം രാജസ്ഥാന് ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ലെങ്കിലും പോയ സീസണില്‍ ഉജ്വല പ്രകടനം കാഴ്ചവെച്ച് ടീമിനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്ക് സാധിച്ചിരുന്നു. ഫൈനലിലെത്തിയ രാജസ്ഥാന് പക്ഷേ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നു.

എന്നാല്‍ ഈ സീസണില്‍ കിരീട വരള്‍ച്ചയവസാനിപ്പിച്ച് ഐ.പി.എല്‍ ചാമ്പ്യന്‍മാരാകാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് സഞ്ജുവും സംഘവും. ഇതുവരെ കഴിഞ്ഞ ആറ് മത്സരങ്ങളില്‍ നാലിലും മുന്നിട്ട് നില്‍ക്കുന്ന ടീം ആര്‍.ആര്‍ പോയിന്റ് ടേബിളില്‍ ഒന്നാമത് തന്നെയുണ്ട്.

ഇത്തവണ ടൂര്‍ണമെന്റ് സ്വന്തമാക്കാന്‍ രാജസ്ഥാന് സാധിക്കുമെന്ന് ക്രിക്കറ്റ് വിദഗ്ധന്മാര്‍ ഒന്നടങ്കം പ്രവചിക്കുമ്പോഴും ടീമില്‍ ചില വീക്ക് ലിങ്കുകള്‍ ഉണ്ടെന്നുള്ളത് രാജസ്ഥാനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അതിനാല്‍ പുതിയ തീരുമാനങ്ങളുമായി മുന്നിട്ടുപോകാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ആര്‍.ആര്‍.

റിപ്പോര്‍ട്ട് പ്രകാരം ടീമില്‍ മോശം ഫോമില്‍ തുടരുന്ന താരങ്ങളെ പുറത്തിരുത്താനാണ് രാജസ്ഥാന്റെ തീരുമാനം. റിയാന്‍ പരാഗ്, ദേവദത്ത് പടിക്കല്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നീ താരങ്ങളുടെ കാര്യത്തിലാണ് ടീമില്‍ ആശങ്ക നിലനില്‍ക്കുന്നത്.

ഈ സീസണില്‍ അഞ്ച് കളികളില്‍ നിന്ന് 54 റണ്‍സ് മാത്രമാണ് റിയാന്‍ പരാഗിന്റെ സമ്പാദ്യം. ഐ.പി.എല്ലിലെ മൊത്തം റെക്കോഡ് പരിശോധിക്കുമ്പോള്‍ 52 കളികളില്‍ 576 റണ്‍സ് മാത്രമാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്. നിലവില്‍ മോശം ഫോമില്‍ തുടരുന്ന താരത്തെ പുറത്തിരുത്താനാണ് ടീമിന്റെ തീരുമാനം.

ഈ സീസണിന് മുമ്പ് തന്നെ ദേവദത്ത് പടിക്കലിനെ രാജസ്ഥാന്‍ പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരത്തെ വിശ്വസിച്ച് ആര്‍.ആര്‍ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ സീസണിലെ പ്രകടനം തുടരുന്ന പടിക്കലിനെ വെച്ച് പരീക്ഷണം തുടരേണ്ടതില്ലെന്നാണ് നിലവില്‍ രാജസ്ഥാന്റെ തീരുമാനം.

പടിക്കലിന്റെ കംഫര്‍ട് സോണ്‍ ആയ ഓപ്പണിങ് സ്‌പോട്ടില്‍ ജെയ്‌സ്‌വാളും ജോസ് ബട്‌ലറുമുള്ളതിനാല്‍ താരത്തിന് ആ സ്ഥാനം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മധ്യനിരയില്‍ താരത്തിന് തിളങ്ങാന്‍ സാധ്യതയില്ലെന്നതിനാല്‍ അവിടെയും കളിപ്പിക്കാന്‍ ആര്‍.ആര്‍ ഒരുക്കമല്ല. ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 113 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

ജെയ്‌സണ്‍ ഹോള്‍ഡര്‍ ആണ് രാജസ്ഥാന് തിരിച്ചടിയാകാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടറായ ഹോള്‍ഡറിന് രാജസ്ഥാന്റ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. അഞ്ച് കളികളില്‍ നിന്ന് ആകെ നാല് വിക്കറ്റുകളാണ് താരം നേടിയത്. താരത്തെ പേസ് ബൗളറായാണ് രാജസ്ഥാന്‍ ഉപയോഗപ്പെടുത്തിയത്.

ഈ സാഹചര്യത്തില്‍ ഹോള്‍ഡറെ പുറത്താക്കി പകരം ഇന്ത്യന്‍ ബൗളര്‍മാരിലൊരാളെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് രാജസ്ഥാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഹോള്‍ഡര്‍ പോകുന്നതോടെ ജോ റൂട്ടിനെയോ ഡൊണോവന്‍ ഫെരേരയെയോ പരിഗണിക്കാനും രാജസ്ഥാന്‍ പദ്ധതിയിടുന്നുണ്ട്.

Content Highlights: Rajasthan Royals will remove three players from playing eleven

We use cookies to give you the best possible experience. Learn more