ധോണിയെ വീഴ്ത്തിയ അതേ തന്ത്രം രോഹിത്തിനെതിരെയും പയറ്റി സഞ്ജു; ആശിച്ചത് നേടി ഹല്ലാ ബോല്‍ നായകന്‍
IPL
ധോണിയെ വീഴ്ത്തിയ അതേ തന്ത്രം രോഹിത്തിനെതിരെയും പയറ്റി സഞ്ജു; ആശിച്ചത് നേടി ഹല്ലാ ബോല്‍ നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th April 2023, 7:19 pm

ഐ.പി.എല്ലിലെ മില്ലേനിയം മത്സരത്തില്‍ ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ്. വാംഖഡെയില്‍ ടോസ് നേടിയ സഞ്ജു ബാറ്റിങ് തെരഞ്ഞെടുത്തു.

പിച്ച് വളരെ മികച്ചതാണെന്നും വാംഖഡെ എത്രത്തോളം തങ്ങളെ തുണയ്ക്കും എന്ന് മനസിലാക്കാന്‍ മാത്രം തങ്ങള്‍ ഈ ഗ്രൗണ്ടില്‍ കളിച്ചിട്ടുണ്ടെന്നും അതിനാല്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയാണ് എന്നുമാണ് സഞ്ജു പറഞ്ഞത്.

മികച്ച ഒരു സ്‌കോര്‍ പടുത്തുയര്‍ത്തുകയും അത് കൃത്യമായി ഡിഫന്‍ഡ് ചെയ്യാനുമാണ് ശ്രമിക്കുന്നതെന്നും സഞ്ജു പറഞ്ഞു.

കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തപ്പോള്‍ ടീം വിജയിച്ചിരുന്നുവെന്നും അതേ തന്ത്രം തന്നെയാണ് ഈ മത്സരത്തിലും പയറ്റുന്നത് എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും തങ്ങളുടെ ശക്തിയെന്തോണോ അതില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും രാജസ്ഥാന്‍ നായകന്‍ പറഞ്ഞു.

അഥവാ ടോസ് നേടുകയാണെങ്കില്‍ തങ്ങള്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുമെന്നാണ് രോഹിത് ശര്‍മ വ്യക്തമാക്കിയത്. പിച്ചിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നതാണ് ഗുണമെന്ന് കരുതുന്നതായും മുമ്പിലുള്ള ടോട്ടല്‍ മറികടക്കാനാണ് ശ്രമിക്കുന്നതെവന്നുമായിരുന്നു ടോസിനെ കുറിച്ച് രോഹിത് പറഞ്ഞത്.

നിലവില്‍ എട്ട് മത്സരത്തില്‍ നിന്നും അഞ്ച് വിജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. മുംബൈക്കെതിരെ വിജയിക്കാന്‍ സാധിച്ചാല്‍ വീണ്ടും ഒന്നാമതെത്താനും രാജസ്ഥാനാകും.

ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് വിജയവും നാല് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈ.

 

 

Content Highlight: Rajasthan Royals vs Mumbai Indians, Sanju Samson won the toss and elect to bat first