ഐ.പി.എല്ലില്‍ ചരിത്രം കുറിക്കാനൊരുങ്ങി മുംബൈ ഇന്ത്യന്‍സ് – രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം. ഞായറാഴ്ച മുംബൈ ഇന്ത്യന്‍സിന്റെ കളിത്തട്ടകമായ വാംഖഡെ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരമാണ് ഐ.പി.എല്ലിന്റെ ചരിത്രപുസ്തകത്തില്‍ തങ്കലിപികളാല്‍ എഴുതിവെക്കപ്പെടാന്‍ ഒരുങ്ങത്.
ഐ.പി.എല്ലിലെ മില്ലേനിയം മാച്ചാണ് ഇന്ന് വൈകീട്ട് വാംഖഡെയില്‍ വെച്ച് നടക്കുന്നത്. ലോകം കണ്ട എക്കാലത്തേയും മികച്ച ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന്റെ ചരിത്രത്തിലെ 1000-ാം മത്സരത്തിനാണ് ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
കഴിഞ്ഞ മത്സരത്തില്‍ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സ്വന്തം കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ വെച്ച് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ ഇന്ന് എതിരാളികളുടെ തട്ടകത്തിലേക്കിറങ്ങുന്നത്.
ജയ്പൂരില്‍ വെച്ച് നടന്ന മത്സരത്തില്‍ ധോണിപ്പടയെ 32 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. ഹല്ലാ ബോല്‍ ആര്‍മിയെ സംബന്ധിച്ച് ഈ മത്സരത്തിനും പ്രത്യേകതകളേറെയായിരുന്നു. തങ്ങളുടെ 200ാം ഐ.പി.എല്‍ മത്സരത്തിലാണ് രാജസ്ഥാന്‍ സ്വന്തം തട്ടകത്തില്‍ ജയിച്ചുകയറിയത്.
ഈ മത്സരത്തില്‍ തന്നെ 202 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്താനും രാജസ്ഥാന് സാധിച്ചിരുന്നു. സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോറും ആദ്യ 200+ സ്‌കോറുമായിരുന്നു ജെയ്‌സ്വാളും ജുറെയും പടിക്കലും ചേര്‍ന്ന് ചെന്നൈക്കെതിരെ പടുത്തുയര്‍ത്തിയത്.
കഴിഞ്ഞ മത്സരത്തിലെ പ്രകടനം വാംഖഡെയിലുമാവര്‍ത്തിക്കാന്‍ സാധിച്ചാല്‍ രാജസ്ഥാന് വീണ്ടും പോയിന്റ് പട്ടികയില്‍ മുന്നേറ്റമുണ്ടാക്കാം.
അതേസമയം, കഴിഞ്ഞ മത്സരത്തില്‍ വമ്പന്‍ തോല്‍വിയേറ്റുവനാങ്ങിയതിന്റെ അപമാനഭാരവും പേറിയാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തം കാണികള്‍ക്ക് മുമ്പിലേക്കിറങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 55 റണ്‍സിന്റെ തോല്‍വിയാണ് മുംബൈ ചോദിച്ചുവാങ്ങിയത്.
ടൈറ്റന്‍സ് ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദൈവത്തിന്റെ പോരാളികള്‍ക്ക് 152 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള മുന്‍നിര താരങ്ങളുടെ മോശം പ്രകടനമാണ് മുംബൈയെ കുഴക്കുന്നത്.