ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരു റണ്‍സിനാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്.
ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് ആണ് നേടിയത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.
അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ അവസാന പന്തില്‍ വിജയിക്കാന്‍ രണ്ടു റണ്‍സ് ആവശ്യമുള്ളപ്പോള്‍ റോവ്മാന്‍ പവലിനെ പുറത്താക്കിക്കൊണ്ട് ഭുവനേശ്വര്‍ കുമാര്‍ ആണ് ഹൈദരാബാദിന് ആവേശകരമായ വിജയം സമ്മാനിച്ചത്.
ഈ തോല്‍വിക്ക് പിന്നാലെ നിര്‍ഭാഗ്യകരമായ നേട്ടങ്ങളുടെ ലിസ്റ്റിലേക്കാണ് രാജസ്ഥാന്‍ റോയല്‍സ് നടന്നു കയറിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു റണ്‍സിന് പരാജയപ്പെടുന്ന രണ്ടാമത്തെ ടീം ആയി മാറാനാണ് രാജസ്ഥാന് സാധിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ രണ്ട് തവണയാണ് രാജസ്ഥാന്‍ ഒരു റൺസിന് തോല്‍വി വഴങ്ങിയത്. ഇതോടെ ഇത്രതന്നെ തവണ ഒരു റണ്‍സിന് തോല്‍വി ഏറ്റുവാങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ റെക്കോര്‍ഡിനൊപ്പവും രാജസ്ഥാന്റെ പേര് എഴുതി ചേര്‍ക്കപ്പെട്ടു.
ഐ.പി.എല്ലില്‍ ഒരു റണ്‍സിന് ഏറ്റവും കൂടുതല്‍ തവണ പരാജയപ്പെട്ടത് ദല്‍ഹി ക്യാപിറ്റല്‍സ് ആണ്. മൂന്ന് തവണയാണ് ദല്‍ഹി ഒരു റണ്‍സിന് പരാജയപ്പെട്ടത്.
അതേസമയം രാജസ്ഥാന്‍ ബാറ്റിങ്ങില്‍ യശസ്വി ജെയ്‌സ്വാള്‍ 40 പന്തില്‍ 67 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 49 പന്തില്‍ 77 നേടിയ റിയാന്‍ പരാഗും നിര്‍ണായകമായി. എട്ട് ഫോറുകളും നാല് സിക്‌സുകളുമാണ് പരാഗ് അടിച്ചെടുത്തത്.
തോല്‍വി നേരിടേണ്ടി വന്നെങ്കിലും ഇപ്പോഴും എട്ട് മത്സരങ്ങള്‍ വിജയിച്ചു 16 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തന്നെയാണ് സഞ്ജുവും സംഘവും. മെയ് ഏഴിന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ക്യാപിറ്റല്‍സിന്റെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയമാണ് വേദി.
Content Highlight: Rajasthan Royals two times lose 1 runs in IPL