ആര് ജയിച്ചാലും കുഴപ്പമില്ല; സ്‌നേഹം മാത്രം! ആര്‍.സി.ബിയെ സ്‌നേഹത്തില്‍ പൊതിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്
IPL 2022
ആര് ജയിച്ചാലും കുഴപ്പമില്ല; സ്‌നേഹം മാത്രം! ആര്‍.സി.ബിയെ സ്‌നേഹത്തില്‍ പൊതിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th May 2022, 2:17 pm

വീറും വാശിയും നിറഞ്ഞ മറ്റൊരു ഐ.പി.എല്‍ സീസണ്‍ കൂടെ കഴിയാറായിരിക്കുകയാണ്. ആദ്യ ക്വാളിഫയര്‍ മത്സരം വിജയിച്ച് ഫൈനലില്‍ പ്രവേശിച്ച ഗുജറാത്തിന്റെ എതിരാളിയെ ഇന്നത്തെ രണ്ടാം ക്വാളിഫയര്‍ മത്സരം കഴിയുമ്പോള്‍ അറിയാം.

രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഫാഫ് ഡു പ്ലസിസ് നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.

ഈ ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇരുവരും ഏറ്റുമുട്ടുമ്പോള്‍ മികച്ച മത്സരം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിന്റെ ട്വീറ്റര്‍ അക്കൗണ്ടും പോസ്റ്റുകളും ആരാധകരുടെ ഇടയില്‍ ജനപ്രീതിയുള്ളവയാണ്. ജയത്തിലും തോല്‍വിയിലും ടീമിനെ പോലെതന്നെ വളരെ കൂളായാണ് ട്വീറ്റര്‍ അഡ്മിനും നേരിടാറുള്ളത്.

ഇന്ന് നടക്കുന്ന ക്വാളിഫയര്‍ മത്സരത്തില്‍ എതിര്‍ ടീമായ ആര്‍.സി.ബിക്ക് വിജയാംശസ നേര്‍ന്നുകൊണ്ടാണ് റോയല്‍സിന്റെ പുതിയ ട്വീറ്റ്. ആര്‍.സി.ബി ഫാന്‍സിനോടുള്ള ഇഷ്ടവും റോയല്‍ ട്വീറ്ററില്‍ തുറന്നുപറയുന്നു.

”ഏത് റോയല്‍ വിജയിച്ചാലും നിങ്ങളെ സ്‌നേഹിക്കുന്നു” എന്നാണ് രാജസ്ഥാന്‍ അഡ്മിന്‍ ആര്‍.സി.ബി ഫാന്‍സിനോട് പറയുന്നത്.

പതിനാല് കൊല്ലമായി ഒരു ട്രോഫി പോലും നേടാത്ത ആര്‍.സി.ബിയെ അവരുടെ ഫാന്‍സ് ഒരിക്കല്‍പോലും കൈവിട്ടിട്ടില്ലായിരുന്നു. ടീമിന്റെ പ്രകടനം എത്ര മോശമായാലും ആരധകരുടെ സപ്പോട്ടിന് ഒരു കുറവും ആര്‍.സി.ബിക്ക് ഉണ്ടാകാറില്ല.

ഇത്തവണയും ആര്‍.സി.ബി ഫാന്‍സ് ടീമിന്റെ കൂടെതന്നെയുണ്ടായിരുന്നു, ലീഗ് സ്റ്റേജിലെ രണ്ടാം പാദത്തില്‍ തുടരെ തോല്‍വി ഏറ്റുവാങ്ങിയപ്പോഴും ഫാന്‍സ് ആര്‍.സി.ബിയെ കൈവിടാതെ കട്ട സപ്പോട്ടുമായി കൂടെതന്നെയുണ്ടായിരുന്നു.

ഇത്രയും ലോയാലിറ്റി ഉള്ളതുകൊണ്ടാകാം എതിര്‍ ടീമിന് പോലും ആര്‍.സി.ബി ഫാന്‍സിനോട് ഇത്ര സ്‌നേഹം. എന്തായാലും ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഒരു ത്രില്ലര്‍ മത്സരം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഈ സീസണില്‍ ഇരുവരും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു തവണ ആര്‍.സി.ബിയും ഒരു തവണ രാജസ്ഥാനും വിജയിച്ചു.

ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനോട് തോറ്റാണ് രാജസ്ഥാന്‍ രണ്ടാം ക്വാളിഫയറിന് വരുന്നത് എന്നാല്‍ എലിമിനേറ്ററില്‍ ലഖ്നൗവിനെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് ആര്‍.സി.ബിയുടെ വരവ്.

 

 

 

Content Highlights: rajasthan royals expressed their love to rcb fans via twitter