| Monday, 3rd April 2023, 2:55 pm

'രണ്ടാം വീട്ടില്‍' നിന്നുള്ള പടയൊരുക്കത്തിന് സഞ്ജു; സ്വന്തം ഗ്രീന്‍ഫീല്‍ഡിനെ മറന്നോ എന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പുതിയ സീസണിലെ ആദ്യ മത്സരം വിജയിച്ചതിന്റെ ആവേശത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ തട്ടകത്തിലെത്തി തോല്‍പിച്ചാണ് രാജസ്ഥാന്‍ വിജയം ആഘോഷിച്ചത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 72 റണ്‍സിനായിരുന്നു രാജസ്ഥാന്റെ വിജയം.

ഹൈദരാബാദിലെത്തി എവേ മത്സരം കളിച്ചതിന് പിന്നാലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാന്‍. എന്നാല്‍ ജയ്പൂരിലെ സ്വായി മാന്‍സിങ് സ്റ്റേഡിയത്തിലല്ല, മറിച്ച് അസമിലെ ബര്‍സാപര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് രാജസ്ഥാനും സഞ്ജുവും തങ്ങളുടെ ആദ്യ ഹോം മത്സരം കളിക്കാനിറങ്ങുന്നത്.

രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം ഹോം സ്‌റ്റേഡിയമാണ് അസമിലെ ബര്‍സാപര സ്റ്റേഡിയം. നേരത്തെ ഹോം 2.0 എന്ന പേരില്‍ സ്റ്റേഡിയത്തെ കുറിച്ച് രാജസ്ഥാന്‍ പങ്കുവെച്ച വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

രണ്ട് മത്സരങ്ങളാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ പുതിയ ഹോം സ്‌റ്റേഡിയത്തില്‍ കളിക്കുക. ഇതില്‍ ആദ്യത്തെ മത്സരമാണ് ഏപ്രില്‍ രണ്ടിന് പഞ്ചാബ് കിങ്‌സിനെതിരെ നടക്കുന്നത്. ഏപ്രില്‍ എട്ടിന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് ഗുവാഹത്തിയിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ നേരിടുക.

ഇതാദ്യമായാണ് ഒരു നോര്‍ത്ത് ഈസ്‌റ്റേണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ഐ.പി.എല്ലിന് വേദിയാകുന്നത്. ഏറെ സന്തോഷത്തോടെയാണ് അസം ക്രിക്കറ്റ് അസോസിയേഷന്‍ രാജസ്ഥാനെയും ഐ.പി.എല്ലിനെയും വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.

എന്നാല്‍ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമായിരുന്നില്ല, മറിച്ച് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമായിരുന്നു രാജസ്ഥാന്റെ രണ്ടാം ഹോം സ്‌റ്റേഡിയമാകേണ്ടിയിരുന്നത് എന്നാണ് ചില മലയാളി ആരാധകര്‍ പറയുന്നത്. സഞ്ജു സാംസണിന്റെ സ്വന്തം മണ്ണിലെ സ്‌റ്റേഡിയമായിരുന്നില്ലേ അവര്‍ രണ്ടാം ഹോം സ്‌റ്റേഡിയത്തിനായി തെരഞ്ഞെടുക്കേണ്ടിയിരുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്.

എന്നാല്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ സ്‌റ്റേറ്റുകളിലേക്കും ഐ.പി.എല്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് മറ്റുചില ആരാധകര്‍. ഗുവാഹത്തിയിലെ ബര്‍സാപരയെ രണ്ടാം ഹോം സ്‌റ്റേഡിയമായി തെരഞ്ഞെടുത്ത് ചരിത്രം സൃഷ്ടിച്ച രാജസ്ഥാന്‍ മാനേജ്‌മെന്റിനെ അഭിനന്ദിക്കാനും ഇവര്‍ മടിക്കുന്നില്ല.

അതേസമയം, ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്‌റ്റേണ്‍ നിയമപ്രകാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിച്ചതിന്റെ ആവേശത്തിലാണ് പഞ്ചാബ് കിങ്‌സ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. മൊഹാലിയിലെ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് ആദ്യ മത്സരം വിജയിക്കാന്‍ സാധിച്ചത് പഞ്ചാബിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുമുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സ് 16 ഓവറില്‍ 146ന് ഏഴ് എന്ന നിലയില്‍ നില്‍ക്കവെ ബാറ്റ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാവുകയും ഡി.എല്‍.എസ് നിയമപ്രകാരം ഏഴ് റണ്‍സിന് തോല്‍ക്കുകയുമായിരുന്നു.

Content Highlight: Rajasthan Royals to play next match in second home stadium

We use cookies to give you the best possible experience. Learn more