| Thursday, 27th April 2023, 7:55 pm

സ്വന്തം മണ്ണില്‍ ഐ.പി.എല്ലിലെ ഡബിള്‍ സെഞ്ച്വറിയടിച്ച് സഞ്ജുവും കൂട്ടരും; ചെന്നൈക്കെതിരെ ഓപ്പണറായി ചഹല്‍ 🤔😕

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 37ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുകയാണ്. രാജസ്ഥാന്റെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ധോണിപ്പടയ്‌ക്കെതിരെ രണ്ടാം വിജയം നേടാനാണ് രാജസ്ഥാന്‍ ഒരുങ്ങുന്നത്.

രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഈ മത്സരത്തിന് പ്രത്യേകതകളേറെയാണ്. ഐ.പി.എല്ലിലെ തങ്ങളുടെ 200ാം മത്സരമാണ് രാജസ്ഥാന്‍ ചെന്നൈക്കെതിരെ കളിക്കുന്നത്. ഐ.പി.എല്ലിലെ 200ാം മത്സരം സ്വന്തം തട്ടകമായ എസ്.എം.എസ്സില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളിക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് രാജസ്ഥാന്‍. 200ാം മത്സരം വിജയിച്ച് ആരാധകര്‍ക്ക് ആവശ്യമുള്ളതെന്തോ അത് നല്‍കാന്‍ തന്നെയാകും രാജസ്ഥാന്‍ ഒരുങ്ങുന്നത്.

അതേസമയം, മത്സരത്തില്‍ ടോസ് നേടിയ സഞ്ജു ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇതിനിടെ രാജസ്ഥാന്‍ ട്വിറ്ററിലൂടെ പങ്കുവെച്ച ടീം അപ്‌ഡേറ്റ് കണ്ട് ആരാധകര്‍ അല്‍പം അമ്പരന്നിരുന്നു. ചെന്നൈക്കെതിരെ യൂസ്വേന്ദ്ര ചഹല്‍ ഓപ്പണറായി ഇറങ്ങുമെന്നാണ് രാജസ്ഥാന്‍ ട്വീറ്റ് ചെയ്തത്.

എന്നാല്‍, ട്വീറ്റിനൊപ്പം പങ്കുവെച്ച ചിത്രം മാറിപ്പോയെന്നും ബട്‌ലര്‍ തന്നെയാകും ഓപ്പണിങ്ങില്‍ ജെയ്‌സ്വാളിനൊപ്പം ഇറങ്ങുക എന്നും രാജസ്ഥാന്‍ മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി.

അതേസമയം, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ മൂന്ന് ഓവറില്‍ 42 റണ്‍സാണ് രാജസ്ഥാന്‍ കൂട്ടിച്ചേര്‍ത്തത്. ആദ്യ ഓവറില്‍ 14 റണ്‍സ് പിറന്നപ്പോള്‍ രണ്ടാം ഓവറില്‍ പത്ത് റണ്‍സും പിറന്നപ്പോള്‍ മൂന്നാം ഓവറില്‍ 18 റണ്‍സാണ് പിറന്നത്.

11 പന്തില്‍ നിന്നും 31 റണ്‍സുമായി ജെയ്‌സ്വാളും ഏഴ് പന്തില്‍ നിന്നും 11 റണ്‍സുമായി ബട്‌ലറുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

ജോസ് ബട്‌ലര്‍, യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത പടിക്കല്‍, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍. അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, ആദം സാംപ, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാര്‍ട്ടിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ്, ഡെവോണ്‍ കോണ്‍വേ, അജിന്‍ക്യ രഹാനെ, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മതീശ പതിരാന, തുഷാര്‍ ദേശ്പാണ്ഡേ, മഹീഷ് തീക്ഷണ, ആകാശ് സിങ്

Content highlight: Rajasthan Royals to play 200th IPL match

We use cookies to give you the best possible experience. Learn more