ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. പഞ്ചാബിനെതിരായ മത്സരം വമ്പന്‍ മാര്‍ജിനില്‍ വിജയിച്ചാലും മറ്റ് ടീമുകളുടെ ജയ പരാജയങ്ങള്‍ കണക്കിലെടുത്താലും പ്ലേ ഓഫിന് നേരിയ സാധ്യത മാത്രമാണ് സഞ്ജുവിനും കൂട്ടര്‍ക്കുമുള്ളത്.
വിജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന പല മത്സരങ്ങളും പരായപ്പെട്ടതോടെയാണ് രാജസ്ഥാന്‍ റോയല്‍സിന് ആരാധകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ സാധിക്കാതെ വന്നത്. വരും മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സീസണിനോട് വിട പറയാന്‍ തന്നെയാകും രാജസ്ഥാന്‍ ഒരുങ്ങുന്നത്.
രണ്ടാം കിരീടത്തിനുള്ള കാത്തിരിപ്പ് ഇനിയും നീളുമെങ്കിലും രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഏപ്രില്‍ മാസത്തില്‍ ട്വിറ്ററില്‍ ഏറ്റവുമധികം പോപ്പുലറായ ടീമുകളുടെ പട്ടിക പുറത്തുവിട്ടതോടെയാണ് ആരാധകര്‍ ആവേശത്തിലായിരിക്കുന്നത്.
ട്വിറ്ററില്‍ പോപ്പുലറായ ഏഷ്യന്‍ ടീമുകളുടെ കണക്കില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസറിനെ മറികടന്നുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് മൂന്നാമതെത്തിയിരിക്കുന്നത്.
പട്ടികയിലെ ആദ്യ അഞ്ചില്‍ നാലും ഐ.പി.എല്‍ ടീമുകളാണ് എന്നതാണ് ഇതിലെ മറ്റൊരു ഹൈലൈറ്റ്. ധോണിപ്പടയാണ് മറ്റേത് ടീമിനെക്കാളും മൃഗീയ ഭൂരിപക്ഷത്തോടെ പട്ടികയില്‍ ഒന്നാമത് തുടരുന്നത്.
RR Ashwin > RR Admin 👍 pic.twitter.com/N3G21vSMln
— Rajasthan Royals (@rajasthanroyals) May 16, 2023
ഏപ്രില്‍ മാസത്തില്‍ ട്വിറ്ററില്‍ തരംഗമായ ടീമുകളും ഇന്റാക്ഷനുകളും
1. ചെന്നൈ സൂപ്പര്‍ കിങ്‌സ് – 9.97M
2. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 4.85M
3. രാജസ്ഥാന്‍ റോയല്‍സ് – 3.55M
4. അല്‍ നസര്‍ എഫ്.സി – 3.50M
5. മുംബൈ ഇന്ത്യന്‍സ് – 2.31M
രാജസ്ഥാന്‍ റോയല്‍സിന്റെ ഈ ഡൊമിനന്‍സിന് കാരണമായി പറയുന്നത് ആര്‍. അശ്വിന്‍ തരംഗമാക്കിയ #HallaBolKonjamNallaBol എന്ന ഹാഷ്ടാഗ് ആണെന്നാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ അഡ്മിനേക്കാള്‍ മിടുക്കന്‍ അശ്വിനാണെന്ന് ക്യാപ്ഷന്‍ നല്‍കിയാണ് രാജസ്ഥാന്‍ ട്വീറ്റ് പങ്കുവെച്ചത്.
മെയ് 19നാണ് രാജസ്ഥാന്റെ അവസാന മത്സരം. ധര്‍മശാലയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍.
Content highlight: Rajasthan Royals surpasses Al Nassr FC on twitter popularity