ഐ.പി.എല്‍ 2022ന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ തുടങ്ങാനിരിക്കെ രാജസ്ഥാന്‍ ആരാധകരെ ആശങ്കയിലാഴ്ത്തി മോശം കാലാവസ്ഥ. കൊല്‍ക്കത്തയില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഒന്നാം ക്വാളിഫയര്‍ മത്സരത്തില്‍ മഴ വില്ലനാവുമോ എന്നതാണ് ആരാധകരെ അലട്ടുന്ന പ്രധാന പ്രശ്‌നം.
കനത്ത മഴയാണ് കൊല്‍ക്കത്തയില്‍ പെയ്യുന്നത്. ഇക്കാരണം കൊണ്ടുതന്നെ മത്സരം ഉപേക്ഷിച്ചാല്‍ എട്ടിന്റെ പണി കിട്ടാന്‍ പോകുന്നത് രാജസ്ഥാന്‍ റോയല്‍സിനും സഞ്ജു സാംസണും ആവുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
മഴ കാരണം ഒരു പന്തുപോലും എറിയാന്‍ പറ്റാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീമിനെ വിജയിച്ചതായി പ്രഖ്യാപിക്കണമെന്നതാണ് ഐ.പി.എല്‍ നിയമം.
പോയിന്റ് പട്ടികയില്‍ പിന്നിലുള്ള ടീമുകളെ ഇത് കാര്യമായി തന്നെ ബാധിക്കുമെന്നുറപ്പാണ്.
ചൊവ്വാഴ്ച നടക്കുന്ന മത്സരം മഴയോ മറ്റ് മോശം കാലാവസ്ഥയോ കാരണം ഒരു പന്തുപോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിക്കുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ വിജയിയായി പ്രഖ്യാപിക്കും. സ്വാഭാവികമായി രാജസ്ഥാന്‍ തോല്‍ക്കുകയും ചെയ്യും.
ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനായതാണ് ഗുജറാത്തിന് തുണയായത്. 14 മത്സരത്തില്‍ നിന്നും 10 ജയത്തോടെയാണ് ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്.
അതേസമയം, 14 മത്സരത്തില്‍ നിന്നും ഒമ്പത് ജയത്തോടെ 18 പോയിന്റോടെ പോയിന്റ് പട്ടികിയില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍.
എന്നാല്‍, മഴമൂലം കളി തടസ്സപ്പെടുകയും മത്സരം തുടങ്ങാന്‍ വൈകുകയും ചെയ്താല്‍ മുഴുവന്‍ ഓവറുകളിലും കളി നടക്കാനുള്ള സാധ്യതയുമുണ്ട്.
നിശ്ചിത സമയത്തിന് ശേഷം 2 മണിക്കൂറാണ് ഇതിനായി അനുവദിക്കപ്പെട്ടിട്ടുള്ളത്. അതായത്, പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കാന്‍ വൈകിയാലും പരമാവധി 9.40ന് വരെ മത്സരം തുടങ്ങാന്‍ സാധിക്കും.
ഫൈനല്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത് രാത്രി 8 മണിക്കാണ്. അതുകൊണ്ട് ഫൈനല്‍ മത്സരത്തിന് പരമാവധി 10.10 വരെ സമയം അനുവദിക്കും. ഫൈനലിനായി റിസര്‍വ് ഡേയും അനുവദിച്ചിട്ടുണ്ട്. അതേസമയം, പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് റിസര്‍വ് ഡേ ഉണ്ടായിരിക്കില്ല.
മഴ ചതിക്കാതിരിക്കുകയും സാധാരണ ഗതിയില്‍ മത്സരം നടക്കുകയും ചെയ്താല്‍ ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലില്‍ പ്രവേശിക്കാം. തോല്‍ക്കുന്ന ടീമിന് ഫൈനലില്‍ പ്രവേശിക്കാന്‍ ഒരു അവസരം കൂടി ലഭിക്കും.
പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാരും തമ്മില്‍ കളിക്കുന്ന ആദ്യ എലിമിനേറ്റര്‍ മത്സരത്തിലെ വിജയിയെ, ആദ്യ ക്വാളിഫയറില്‍ തോറ്റവര്‍ക്ക് നേരിടാം, ഇതില്‍ ജയിക്കുന്നവര്‍ക്ക് ഫൈനലില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ടീമാവാനും സാധിക്കും.
മെയ് 29ന് ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍.
Content Highlight: Rajasthan Royals suffer a setback if it rains in the play-offs